പൂനൂർ പുഴ വീണ്ടെടുക്കൽ പ്രവർത്തനങ്ങളുടെ ഭാഗമായി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പുഴ വീണ്ടെടുക്കൽ പ്രവർത്തനം സജീവമാകുന്നു.
ഹരിതകേരളം മിഷന്റെ ഇനി ഞാൻ ഒഴുകട്ടെ ക്യാമ്പയിനിന്റെ ഭാഗമായി കുന്ദമംഗലം, കുരുവട്ടുർ ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി പൂനൂർ പുഴ പണ്ടാരപറമ്പ് ഭാഗത്തു വെച്ച് നടന്ന പരിപാടിയിൽ പൂനൂർ പുഴ സംരക്ഷണ സമിതി പ്രസിഡന്റ് അബൂബക്കർ പടനിലം
സ്വാഗതം പറഞ്ഞു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശശികല അധ്യക്ഷത വഹിച്ചു സംസാരിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്കുന്നുമ്മൽ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. കുന്നമംഗലം പഞ്ചായത്ത് വാർഡ് മെമ്പറും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ചന്ദ്രൻ തിരുവല്ലത്ത്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്ന റഷീദ് മെമ്പർമാരായ ഷൈജ വളപ്പിൽ, ഫാത്തിമ ജസ്ലി, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട, കമ്മിറ്റി അംഗങ്ങളായ സുരേഷ്, മുഹമ്മദ് ഹാജി, ബാലകൃഷ്ണൻ മാഷ്, സാലിം നെച്ചുളി, മുഹമ്മദ് ഹാജി വടക്കയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കട്ടിപ്പാറ പഞ്ചായത്ത് മുതൽ കോരപുഴ വരെയുള്ള പുഴയുടെ സംരക്ഷണത്തിനായി രൂപീകരിച്ച സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മാതൃകപരമായി ശുചീകരണം നടന്നു വരുകയാണ്. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഘട്ടം ഘട്ടമായി പുഴയിൽ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തനവും ഒഴുക്ക് തടസമായി പുഴയിലേക്ക് വീണ മരങ്ങൾ മുറിച്ചു നീക്കം ചെയ്യുന്ന പ്രവർത്തനവും നടന്നു വരുന്നു. നിലവിൽ കൊടുവള്ളി മുതൽ കുരുവട്ടൂർ വരെയുള്ള പുഴയുടെ വിവിധ ഭാഗങ്ങളിൽ ആയി 5 കിലോമീറ്ററോളം ശുചീകരണം നടത്തി.
പുഴയിലൂടെ ഒഴുകിയെത്തുന്ന മാലിന്യവും വീണുകിടക്കുന്ന മരങ്ങളും ഒഴുക്കിനെ കാര്യമായി ബാധിക്കുകയും പുഴ മാലിന്യപെടുന്നതിനും തുരുത്തുകൾ രൂപപ്പെട്ടു വഴി മാറി ഒഴുകുന്നതിനും കാരണമാകുന്നു.
നിലവിൽ ജനകീയമായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് പുറമെ പുഴയുടെ സംരക്ഷണത്തിനായി പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പുഴ ഒഴുകുന്ന മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും കൂട്ടിയോചിപ്പിച്ചു കൊണ്ട് പദ്ധതികൾ ആവിഷ്കരിക്കും.