യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ കുടുംബത്തിന് സഹായധനം ഇന്നുതന്നെ നൽകുന്നതിന് നടപടി സ്വീകരിച്ചതായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. ദൗർഭാഗ്യകരവും ഹൃദയവേദനയുണ്ടാക്കുന്നതുമായ കാര്യമാണ് സംഭവിച്ചതെന്നും ഒരു ചെറുപ്പക്കാരൻ ദാരുണമായി കൊല്ലപ്പെടുന്നത് ആർക്കും അംഗീകരിക്കാനോ ഉൾക്കൊള്ളാനോ സാധിക്കുന്ന കാര്യമല്ലെന്നും മന്ത്രി പറഞ്ഞു. സംഭവം അറിഞ്ഞപ്പോൾ തന്നെ മോണിറ്ററിങ് നടത്താൻ എറണാകുളം ജില്ലാ കളക്ടർക്ക് നിർദേശം നൽകി. രണ്ടു ഗഡുക്കളായാണ് സാധാരണ സഹായധനം നൽകാറുള്ളതെങ്കിലും എൽദോസിന്റെ കുടുംബത്തിന് ഇന്നു തന്നെ മുഴുവൻ തുകയും നൽകുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
സംഭവ സ്ഥലത്ത് വഴിവിളക്കുകൾ സ്ഥാപിക്കാനും ട്രഞ്ച് കുഴിക്കാനും മറ്റു സ്ഥലങ്ങളിൽ ഹാങിങ് സോളാർ ഫെൻസിങ് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ഇന്ന് ട്രഞ്ച് കുഴിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ കളക്ടർ മുഖാന്തിരം സർക്കാർ നൽകിയ ഉറപ്പുകൾ സമയബന്ധിതമായി വനംവകുപ്പ് പാലിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.ടെൻഡർ നടപടികൾക്കുള്ള കാലതാമസം ഒരു പ്രശ്നമാണ്. വനംവകുപ്പിലെ ചെറിയ പ്രവർത്തികൾ ഏറ്റെടുക്കാൻ കരാറുകാർ തയാറാകുന്നില്ല.യഥാസമയം പണം ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം. പണം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ കുട്ടമ്പുഴ, കോതമംഗലം റേഞ്ചിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ ഹാങിങ് ഫെൻസിങ് ട്രഞ്ച് കുഴിക്കാനും പണം അനുവദിച്ചതാണ്. ടെൻഡർ നടപടികൾ പൂർത്തികരിക്കാനുള്ള കാലതാമസമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് സഹായധനം ഇന്നുതന്നെ നൽകും ; എ കെ ശശീന്ദ്രൻ

