ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ വീണ്ടും തുറന്ന പുരാതന ക്ഷേത്രത്തിന് സമീപത്തെ കിണറ്റിൽ നിന്ന് മൂന്ന് വിഗ്രഹങ്ങൾ കണ്ടെടുത്തു. സംഭാലിലെ ഷാഹി മസ്ജിദിന് സമീപത്താണ് അടച്ചുകിടന്ന ഭസ്മശങ്കർ ക്ഷേത്രം 46 വർഷത്തിന് ശേഷം തുറന്നത്. 1978-ലെ വർഗീയ കലാപത്തെത്തുടർന്ന് പൂട്ടിക്കിടക്കുന്ന ക്ഷേത്രം കയ്യേറ്റമൊഴിപ്പിക്കുന്നതിനിടെയാണ് കണ്ടെത്തിയത്. വീണ്ടു തുറന്ന ക്ഷേത്രത്തിൽ രാവിലെ ആരതി നടത്തുകയും ചെയ്തു. 500 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രത്തിന്റെ യഥാർഥ കാലയളവ് കണ്ടെത്താൻ കാർബൺ ഡേറ്റിംഗ് നടത്താനായി സംഭാൽ ജില്ലാ ഭരണകൂടം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്ഐ) കത്തയച്ചു.
കാർത്തിക് മഹാദേവൻ്റെ ക്ഷേത്രമാണിതെന്നും ഇവിടെ സ്ഥിരമായി സെക്യൂരിറ്റിക്കാരെ നിയമിക്കുകയും സിസിടിവി ക്യാമറകളും സ്ഥാപിക്കുകയും ചെയ്തെന്നും അധികൃതർ പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കാൻ നടപടി തുടങ്ങിയെന്നും ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദർ പെൻസിയ പറഞ്ഞു.ക്ഷേത്രത്തിൻ്റെയും കിണറിൻ്റെയും കാർബൺ ഡേറ്റിംഗിനായി ഞങ്ങൾ എഎസ്ഐക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണെന്നും കൺട്രോൾ റൂമും സജ്ജീകരിക്കുന്നുണ്ടെന്നും പൊലീസ് സൂപ്രണ്ട് കൃഷൻ കുമാർ പറഞ്ഞു. ക്ഷേത്രത്തിൽ 24 മണിക്കൂറും സുരക്ഷയുണ്ടാകുമെന്നും സ്ഥിരം പൊലീസ് വിന്യാസം ഉറപ്പാക്കുന്നുണ്ടെന്നും എസ്പി പറഞ്ഞു. പ്രവിശ്യാ ആംഡ് കോൺസ്റ്റബുലറി (പിഎസി) ഉദ്യോഗസ്ഥരെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. ജുമാ മസ്ജിദിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഖഗ്ഗു സരായ് എന്ന സ്ഥലത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.