അസദ് ഭരണകൂടത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ സിറിയയില്‍ കനത്ത ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണങ്ങൾക്ക് പിന്നാലെ സിറിയയുടെ ഒരുകൂട്ടം യുദ്ധകപ്പലുകള്‍ ഇസ്രയേല്‍ തകര്‍ത്തു. തിങ്കളാഴ്ച രാത്രി അല്‍ ബയ്ദ, ലതാകിയ തുറമുഖങ്ങളിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇവിടെ നങ്കൂരമിട്ടിരുന്ന 15 ഓളം കപ്പലുകള്‍ പൂര്‍ണ്ണമായും തകര്‍ത്തു. തുറമുഖങ്ങള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 480 ഓളം ആക്രമണങ്ങളാണ് സിറിയയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയിട്ടുള്ളത്. അസദ് നാടുവിടുകയും സിറിയ വിമതര്‍ പിടിച്ചടക്കുകയും ചെയ്തതിന് പിന്നാലെ തന്ത്രപ്രധാനമായ ഗോലന്‍ കുന്നുകളും ഇസ്രയേല്‍ കൈവശപ്പെടുത്തിയിരുന്നു. ഇവിടുത്തെ ബഫര്‍ സോണിലേക്കും അതിനപ്പുറത്തേക്കും ഇസ്രയേല്‍ കരസേനയെ വിന്യസിച്ചതായാണ് വിവരം.
അതിനിടെ, പശ്ചിമേഷ്യയുടെ മുഖം തങ്ങള്‍ മാറ്റുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. ബാഷര്‍ അല്‍ അസദ് ഭരണത്തിന്റെ തകര്‍ച്ചയെ ‘പുതിയതും നാടകീയവുമായ ഒരു അധ്യായം’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.’സിറിയന്‍ ഭരണകൂടത്തിന്റെ തകര്‍ച്ച ഹമാസിനും ഹിസ്ബുള്ളയ്ക്കും ഇറാനും ഞങ്ങള്‍ നല്‍കിയ കനത്ത പ്രഹരത്തിന്റെ നേരിട്ടുള്ള ഫലമാണ്. ഞാന്‍ മുമ്പ് വാഗ്ദാനം ചെയ്തതുപോലെ, ഞങ്ങള്‍ പശ്ചിമേഷ്യയുടെ മുഖം മാറ്റുകയാണ്’ നെതന്യാഹു തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശത്രുതയുടെ ഒരു ശക്തിയെയും തങ്ങളുടെ അതിര്‍ത്തിയില്‍ നിലയുറപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഗോലന്‍ കുന്നുകള്‍ കൈവശപ്പെടുത്തിയ ശേഷം നെതന്യാഹു പറഞ്ഞിരുന്നു. ഇസ്രയേലിന് ഭീഷണിയാകുന്ന എല്ലാ സംവിധാനങ്ങളും നശിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. സിറിയന്‍ യുദ്ധ കപ്പലുകള്‍ തകര്‍ക്കാനുള്ള ഓപ്പറേഷന്‍ വന്‍ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറിയയുടെ അതിപ്രധാനമായ സൈനിക കേന്ദ്രങ്ങള്‍, വിമാനത്താവളങ്ങള്‍, റഡാറുകള്‍, സൈനിക സിഗ്‌നല്‍ സംവിധാനങ്ങള്‍, ആയുധശേഖരങ്ങള്‍ തുടങ്ങിയവ ഇസ്രയേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ത്തിരുന്നു. വിമതര്‍ കൈയടക്കാതിരിക്കാനാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്നാണ് ഇസ്രയേലിന്റെ ന്യായീകരണം. ആത്മരക്ഷയ്ക്കാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേല്‍ യു.എന്‍. രക്ഷാസമിതിയില്‍ പറഞ്ഞു. ഇസ്രയേലിന്റെ ആക്രമണത്തെ ഈജിപ്തും ഖത്തറും സൗദി അറേബ്യയും അപലപിച്ചു. സുരക്ഷിതത്വം വീണ്ടെടുക്കാനുള്ള സിറിയയുടെ സാധ്യതകളെ തകര്‍ക്കുന്ന നീക്കമാണിതെന്ന് സൗദി പറഞ്ഞു
ഇതിനിടെ ബാഷര്‍ അല്‍ അസദിനെ പുറത്താക്കി സിറിയയുടെ ഭരണം പിടിച്ച വിമതര്‍, മുഹമ്മദ് അല്‍ ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. 2025 മാര്‍ച്ച് ഒന്നുവരെയാണ് അല്‍ ബഷീറിന്റെ കാലാവധി.
വിമതര്‍ക്കു നേതൃത്വം നല്‍കുന്ന ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്.) നിയന്ത്രണത്തില്‍ ഇഡ്ലിബ് ഭരിക്കുന്ന സാല്‍വേഷന്‍ സര്‍ക്കാരില്‍ പ്രധാനമന്ത്രിയാണ് നാല്‍പ്പത്തിയൊന്നുകാരനായ അല്‍ ബഷീര്‍. എന്‍ജിനീയറായ ഇദ്ദേഹത്തിന് ഇഡ്ലിബ് സര്‍വകലാശാലയില്‍നിന്ന് ശരിയത്ത് നിയമത്തില്‍ ബിരുദമുണ്ട്.