ഒടിടി പ്ലാറ്റ്ഫോമുകളുടെ കടന്നുവരവോടെ സിനിമാപ്രേമികള്‍ ഏറ്റവുമധികം കണ്ടുകൊണ്ടിരിക്കുന്ന ജോണറുകളിലൊന്നാണ് ത്രില്ലര്‍, സിനിമകളായും സിരീസുകളായും. അറ്റന്ഷന് സ്പാന്‍ കുറഞ്ഞ കാലത്തെ പ്രേക്ഷകരെ ഹുക്ക് ചെയ്ത് നിര്‍ത്തുന്നതില്‍ മിക്കപ്പോഴും വിജയിക്കാറുള്ള ത്രില്ലറുകളില്‍ പക്ഷേ ആവര്‍ത്തിക്കുന്ന ഒരു ഘടകം ഡാര്‍ക് ആയ കഥാപശ്ചാത്തലങ്ങളായിരിക്കും. എന്നാല്‍ സത്യന് അന്തിക്കാടിന്റെയും മറ്റും സിനിമകളില്‍ നാം കണ്ടു പരിചയിച്ച അയല്പക്ക പശ്ചാത്തലത്തില്‍ ഒരു ത്രില്ലര്‍ കഥയുടെ ചുരുള്‍ നിവര്‍ന്നാലോ? അത്തരത്തില്‍ വേറിട്ട പരിശ്രമവുമായി എത്തിയിരിക്കുകയാണ് സംവിധായകന് എം സി ജിതിന്. നസ്രിയ നസീമും ബേസില്‍ ജോസഫും ബിഗ് സ്ക്രീനില്‍ നായികാ നായകന്മാരായി ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന കൗതുകവുമായാണ് സൂക്ഷ്മദര്‍ശിനി തിയറ്ററുകളിലേക്ക് എത്തിയത്. സൂക്ഷ്മദര്‍ശിനിയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നസ്രിയയാണ്. മറ്റാരും കാണാത്ത ഡീറ്റെയ്ലിംഗോടെ കാര്യങ്ങളെ നോക്കിക്കാണാന്‍ കഴിയുള്ള പ്രിയദര്ശിനിയായാണ് നസ്രിയ അവതരിപ്പിക്കുന്നത്. സൂക്ഷ്മമായി കാര്യങ്ങളെ ദര്‍ശിക്കുന്ന പ്രിയദര്‍ശിനിയില്‍ നിന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ തന്നെ അണിയറക്കാര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു കോര്‍പറേറ്റ് കമ്പനിയില്‍ ജോലി നോക്കുന്ന ഭര്‍ത്താവും മകളുമൊത്ത് മധ്യവര്‍ഗ കുടുംബങ്ങള്‍ താമസിക്കുന്ന ഒരു അയല്പക്കത്താണ് പ്രിയദര്‍ശിനിയുടെ താമസം. പഠനം പൂര്‍ത്തിയാക്കിയ പ്രിയദര്‍ശിനി ജോലിക്കായുള്ള അന്വേഷണത്തിലുമാണ്. ഒരിക്കല്‍ അവരുടെ അയല്പക്കത്തേക്ക് മാനുവല്‍ എന്ന ചെറുപ്പക്കാരന് അമ്മയുമൊത്ത് വരികയാണ്. ചുറ്റുവട്ടത്ത് ഉള്ളവരുടെ സൗഹൃദവും അംഗീകാരവും വേഗത്തില്‍ നേടിയെടുക്കുന്ന മാനുവല്‍ പക്ഷേ പ്രിയദര്‍ശിനിയ്ക്ക് മുന്നില്‍ ചില സംശയങ്ങളാണ് സൃഷ്ടിക്കുന്നത്. കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും നിഗമനങ്ങളില്‍ എത്താനും കഴിവുള്ള പ്രിയദര്‍ശിനി തന്റെ മനസില്‍ തോന്നുന്ന സംശയങ്ങള്‍ക്ക് പിന്നാലെ, തന്റേതായ രീതിയില്‍ പോവുകയാണ്. അയല്പക്കത്തെ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു വീട്ടമ്മ നടത്തുന്ന ഇന്‍വെസ്റ്റിഗേഷനാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. മുന്നോട്ടുള്ള യാത്രയിലെ ഓരോ തിരിവിലും കൂടുതല്‍ സര്‍പ്രൈസുകളാണ് അവരെ കാത്തിരിക്കുന്നത്, ഒപ്പം പ്രേക്ഷകരെയും. ബേസില്‍ ജോസഫ് ആണ് മാനുവല്‍ ആയി എത്തുന്നത്.ത്രില്ലറുകളുടെ സാമ്പ്രദായിക കഥാപശ്ചാത്തലങ്ങളെ മറികടക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ലിബിന് ടി ബി, അതുല്‍ രാമചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തില്‍ സമീപകാലത്ത് വന്നിട്ടുള്ളതില്‍ ഏറ്റവും മികച്ച തിരക്കഥകളിലൊന്നാണ് സൂക്ഷ്മദര്‍ശിനിയുടേത്. വായിച്ച് കേള്‍ക്കുമ്പോള്‍ത്തന്നെ ഏതൊരാളെയും ആകര്‍ഷിക്കുന്ന കഥ. അതിന്റെ ഭാവം ഒട്ടും ചോരാതെ ഗംഭീര ദൃശ്യഭാഷ ഒരുക്കിയിട്ടുണ്ട് എം സി ജിതിന്. സിനിമ കണ്ടുകഴിയുമ്പോള്‍ മറ്റൊരു അഭിനേത്രിയെ സങ്കല്‍പ്പിക്കാനാവാത്ത വിധത്തില്‍ പ്രിയദര്‍ശിനിയെ ഗംഭീരമാക്കിയിട്ടുണ്ട് നസ്രിയ. ബോയ് നെക്സ്റ്റ് ഡോര്‍ ഇമേജിലുള്ള കഥാപാത്രമെങ്കിലും ബേസില്‍ ഇതുവരെ ചെയ്തതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് മാനുവല്‍. മാനുവലിനെ ബേസിലും സ്വതസിദ്ധമായ രീതിയില്‍ നന്നാക്കിയിട്ടുണ്ട്.
