സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍. മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി.
തങ്ങളോട് അങ്ങേയറ്റത്തെ ആദരമാണുള്ളതെന്നും അദ്ദേഹത്തപ്പോലൊരു വലിയ മനുഷ്യനെ കാണാന്‍ ഏറെക്കാലമായി ആഗ്രഹിക്കുകയാണെന്നും ഇപ്പോഴാണ് സാഹചര്യം ഒത്തു വന്നതെന്നും സന്ദീപ് പറഞ്ഞു. കാണാനും അദ്ദേഹത്തിന്റെ സ്‌നേഹം അനുഭവിക്കാന്‍ സാധിച്ചതിലും ഏറെ സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി. സമസ്തയുടെ സംഭാവനകള്‍ കേരളത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തുന്നതാണെന്നും ആ ഒരു ആദരവ് കൂടിയാണ് അര്‍പ്പിക്കുന്നതെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു. അദ്ദേഹത്തിന്റെ അനുഗ്രഹം മുന്നോട്ടുള്ള പ്രയാണത്തില്‍ ആവശ്യമുണ്ടെന്നും പറഞ്ഞു.
വിവിധ സോഷ്യല്‍ സെഗ്മെന്റുകളില്‍ കേരളത്തെ നയിക്കുന്ന ആളുകളാണിവരൊക്കെ. വലിയ പ്രകാശ ഗോപുരങ്ങളാണ്. അത്തരം ആളുകളെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ എന്ന നിലയ്ക്ക് കാണുക, അനുഗ്രഹം വാങ്ങുക എന്നതൊക്കെ നല്ല കാര്യമാണ്. മുഖ്യമന്ത്രി സന്തോഷിക്കണം. മൂന്നരക്കോടി മലയാളികളുടെ മുഖ്യമന്ത്രിയാണദ്ദേഹം. മതേതരത്വത്തിന്റെ, മതനിരപേക്ഷതയുടെ സാമൂഹിക സമരസതയുടെയൊക്കെ സന്ദേശം ജനങ്ങള്‍ക്ക് കൊടുക്കുന്ന ഇത്തരം കൂടിക്കാഴ്ചകള്‍ നമ്മുടെ നാടിന് എന്തുകൊണ്ടും ഗുണകരമാണ് – അദ്ദേഹം വ്യക്തമാക്കി.
സമസ്ത മതസൗഹാര്‍ദത്തിന് ഊന്നല്‍ നല്‍കുന്ന സംഘടനയാണെന്ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു. വിഭാഗീയത വളര്‍ത്താന്‍ ഒരിക്കലും സമസ്ത ശ്രമിച്ചിട്ടില്ല. തുറന്ന പുസ്തകമാണ് സമസ്തയുടെ ചിരിത്രമെന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ത്യാ രാജ്യത്ത് നന്മ ചെയ്യുന്ന എല്ലാവരോടും യോജിക്കും. പത്രത്തില്‍ ആര് പരസ്യം തന്നാലും സ്വീകരിക്കുമെന്ന് പരസ്യ വിവാദത്തിൽ തങ്ങൾ പറഞ്ഞു.