പാലക്കാട്: നീല ട്രോളി ബാഗും ചാക്കുമായി പാലക്കാട്ട് എല്‍ഡിഎഫിന്റെ പ്രതിഷേധം. ‘ചാക്കും വേണ്ട ട്രോളിയും വേണ്ട, വികസനം മതി’ എന്ന ബാനറുമായാണ് എല്‍ഡിഎഫ് യുവജന സംഘടനകളുടെ പ്രതിഷേധം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.സരിനും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. ‘ജനങ്ങളെ സത്യം അറിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് സരിന്‍ പറഞ്ഞു.
അതേസമയം ഹോട്ടലിലെ പൊലീസ് പരിശോധന എല്‍ഡിഎഫ് പ്രചാരണായുധമാക്കുമ്പോള്‍ പ്രതിരോധിക്കാനുള്ള പദ്ധതികള്‍ക്കാണ് യുഡിഎഫ് രൂപം നല്‍കുന്നത്. എന്നാല്‍ പരിശോധനയ്ക്കിടെ നടന്ന സംഘര്‍ഷത്തില്‍ ഹോട്ടലുടമയുടെ പരാതിയില്‍ പത്ത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്. റെയ്ഡ് നടക്കുന്ന സമയം ഹോട്ടലില്‍ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഹോട്ടലിന് കേടുപാടുകള്‍ സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ പരാതി നല്‍കിയത്. കള്ളപ്പണം ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ രാത്രി പോലീസ് പരിശോധന നടത്തിയത്. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല.