Trending

മുനമ്പത്തെ ഭൂമി അവിടെ താമസിക്കുന്നവര്‍ക്ക് അവകാശപ്പെട്ടത്;വി ഡി സതീശൻ

ഫറോഖ് കോളജ് മാനേജ്‌മെന്റ് പണം വാങ്ങി നല്‍കിയ ഭൂമി എങ്ങനെയാണ് വഖഫ് ഭൂമിയാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രശ്‌നം കോടതിയില്‍ പരിഹരിക്കുമെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പഞ്ഞതിലൂടെ കള്ളക്കളി പുറത്തു വന്നിരിക്കുകയാണ്. ഇവിടെയാണ് പ്രകാശ് ജാവദേദ്ക്കര്‍ പറഞ്ഞതും സര്‍ക്കാരിന്റെ നിലപാടും ഒന്നാകുന്നതെന്നും പ്രതിപക്ഷ നേതാവ് പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.

പൂരം കലക്കി ബി.ജെ.പിയെ ജയിപ്പിക്കാന്‍ ശ്രമിച്ചതു പോലെ കേരളത്തില്‍ ബി.ജെ.പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എങ്ങനെയാണ് ഈ പ്രശ്‌നത്തെ വഖഫ് ആക്ടുമായി ബന്ധപ്പെടുത്തുന്നത്. 1995 ലെ വഖഫ് ആക്ട് ഭേദഗതി നിലവില്‍ വന്ന് 26 വര്‍ഷത്തേക്ക് ഒരു കുഴപ്പവുമുണ്ടായില്ല. 20121-ല്‍ വഖഫ് ബോര്‍ഡാണ് റവന്യൂ വകുപ്പിനോട് കരം സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശിച്ചത്. 26 വര്‍ഷം ഇവര്‍ എവിടെയായിരുന്നു? അന്നൊന്നും ഒരു അവകാശവാദവും ഉണ്ടായിരുന്നില്ലല്ലോ. സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നാണ് യു.ഡി.എഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാട് കോടതിയില്‍ സ്വീകരിക്കാന്‍ വഖഫ് ബോര്‍ഡിനോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കണം. അല്ലെങ്കില്‍ കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിച്ച് കോടതിയെ അറിയിക്കണം. ഇതൊന്നും ചെയ്യാതെ സര്‍ക്കാര്‍ കള്ളക്കളി നടത്തുകയാണ.് ഒരു വശത്ത് വഖഫ് ഭൂമിയാണെന്നു പറയുകയും മറുവശത്ത് അല്ലായെന്നു പറയുകയുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പ്രതിപക്ഷവും ഭരണകക്ഷിയും ഒന്നിച്ചാണ് കേന്ദ്രം കൊണ്ടുവരാന്‍ പോകുന്ന വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വഖഫ് ബില്‍ പാസായാല്‍ മുനമ്പത്തെ പ്രശ്‌നത്തിന് പരിഹാരം ആകുമെന്നാണ് ബി.ജെ.പി പറയുന്നത്. വഖഫ് ബില്‍ പസായാലൊന്നും മുനമ്പത്തെ പ്രശ്‌നം അവസാനിക്കില്ല. ബി.ജെ.പിക്ക് കേരളത്തില്‍ ഇടം ഉണ്ടാക്കിക്കൊടുക്കുന്നതിനു വേണ്ടി അനാവശ്യമായി വഖഫ് ബോര്‍ഡും സര്‍ക്കാരുമാണ് മുനമ്പത്ത് പ്രശ്‌നമുണ്ടാക്കിയത്. മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ മാത്രമെ വഖഫ് ബോര്‍ഡിന്റെ നിലപാട് സഹായിക്കൂ. സംസ്ഥാന സര്‍ക്കാരും വഖഫ് ബോര്‍ഡുമാണ് വില്ലനെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. സര്‍വകക്ഷി യോഗം വിളിച്ചു കൂട്ടി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മുനമ്പത്തെ ഭൂമി അവിടെ താമസിക്കുന്നവര്‍ക്ക് അവകാശപ്പെട്ടതാണെന്നതാണ് യു.ഡി.എഫ് നിലപാട്. അവര്‍ക്ക് എല്ലാക്കാലത്തേക്കും അവകാശം നല്‍കണം. കേരളത്തിലെ മുസ്ലീം സംഘടനകളെല്ലാം ചേര്‍ന്ന് ഈ തീരുമാനമെടുത്തു. പാണക്കാട് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ള നേതാക്കളും മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. മുസ്ലീം സംഘടനകള്‍ക്കും മുസ്ലീംലീഗിനും ഇല്ലാത്ത വാശി ഈ ഭൂമിയുടെ കാര്യത്തില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പിടിക്കുന്നത് എന്തിനാണ്? ഇവിടെ ഒരു നിയമപ്രശ്‌നവുമില്ല. സംസ്ഥന വഖഫ് ബോര്‍ഡാണ് അനാവശ്യമായി നിയമപ്രശ്‌നം ഉണ്ടാക്കിയത്. ഭൂമിയില്‍ അവകാശവാദം ഉന്നയിച്ചുള്ള നിലപാടില്‍ നിന്നും വഖഫ് ബോര്‍ഡും സര്‍ക്കാരും പിന്‍മാറണം. ബി.ജെ.പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള കള്ളക്കളി സര്‍ക്കാര്‍ അവസാനിപ്പിക്കണം.

ഇന്ത്യയില്‍ ആകമാനം വഖഫ് ബോര്‍ഡ് പ്രശ്‌നമാണെന്ന് പ്രകാശ് ജാവദേദ്ക്കര്‍ പറഞ്ഞത് ബി.ജെ.പിയുടെ നിലപാടാണ്. അതിനോട് കേരളത്തിലെ സര്‍ക്കാരും പ്രതിപക്ഷവും യോജിക്കുന്നില്ല എന്നതിനാലാണ് വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കിയത്. ഇതിനേക്കാള്‍ പ്രശ്‌നങ്ങളുള്ള കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് ഇടപെട്ട് ആ ഭൂമി ഒഴിവാക്കിക്കൊടുത്തല്ലോ.

മുനമ്പത്തെ ഭൂമിയില്‍ ഫറോഖ് കോളജ് പോലും അവകാശവാദം ഉന്നയിക്കുന്നില്ല. പണം കൊടുത്ത് വാങ്ങുന്ന ഭൂമി അനിസ്ലാമികമാണ്. വഖഫ് ഭൂമി ആക്കിയെന്ന് പറയുന്ന കാലത്ത് തന്നെ അവിടെ ആളുകള്‍ താമസിക്കുന്നുണ്ട്. ആളുകള്‍ താമസിക്കുന്ന ഭൂമി എങ്ങനെയാണ് വഖഫ് ആക്കുന്നത്? പെമനന്റ് ഡെഡിക്കേഷനാണ് വഖഫ്. പണം വാങ്ങി ഭൂമി നല്‍കിയാല്‍ അത് എങ്ങനെയാണ് വഖഫ് ആകുന്നത്? ഈ നിലപടാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍മാര്‍ സ്വീകരിച്ചിരുന്ന നിലപാട്. യു.ഡി.എഫ് നിലപാട് വളരെ കൃത്യമാണ്. പ്രകാശ് ജാവദേദ്ക്കറുടെ വാദത്തിന് പിന്‍ബലം നല്‍കുകയാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഇപ്പോള്‍ ചെയ്യുന്നത്.

പ്രതിപക്ഷം കത്ത് നല്‍കിയതിനു ശേഷമാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കാന്‍ തീരുമാനിച്ചത്. വിഷയം തുടങ്ങിയിട്ട് മൂന്ന് മാസമായി. ഒരു മാസം മുന്‍പ് പ്രതിപക്ഷ നേതാവ് മുനമ്പത്തെത്തി പൊതുയോഗം വിളിച്ച് യി.ഡി.എഫ് നിലപാട് വ്യക്തമാക്കിയതാണ്. ഇനിയെങ്കിലും സര്‍വകക്ഷി യോഗം വിളിച്ച് അടിയന്തിരമായി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് എല്‍.ഡി.എഫ് പൊളിറ്റിക്കല്‍ സ്റ്റാന്‍ഡ് എടുക്കട്ടെ. പത്ത് മിനിട്ട് മതി രാഷ്ട്രീയ പരിഹാരമുണ്ടാക്കാന്‍. ബി.ജെ.പി ഉള്‍പ്പെടെ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘടനകള്‍ നുഴഞ്ഞുകയറി നിലവിലുള്ള വഖഫ് നിയമമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സമരസമിതിക്കാരെ കൊണ്ട് പറയിപ്പിക്കുന്നതാണ.് ഞങ്ങള്‍ അവരെ കൃത്യമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര വഖഫ് ബില്ലില്‍ മുസ്ലീം അല്ലാത്തയാള്‍ വഖഫ് സി.ഇ.ഒ ആകണമെന്നാണ് പറയുന്നത്. അമുസ്ലീകളായ രണ്ട് അംഗങ്ങള്‍ വേണമെന്നുമുണ്ട്. ദേവസ്വം ബോര്‍ഡില്‍ ക്രിസ്ത്യാനിയും മുസ്ലീമും വേണമെന്നു പറഞ്ഞാല്‍ എങ്ങനെ ഇരിക്കും? അതുപോലൊരു നിയമമാണ് കേന്ദ്രത്തിന്റെ വഖഫ് ബില്‍. ഈ വഖഫ് ബില്‍ പാസായാല്‍ അടുത്തതായി ചര്‍ച്ച് ബില്‍ വരും. കഴിഞ്ഞായാഴ്ച ക്രൈസ്തവ സംഘടനകള്‍ ഡല്‍ഹിയില്‍ സമരത്തിലായിരുന്നു. ജനുവരി മുതല്‍ സെപ്തംബര്‍ വരെ 585 ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തുണ്ടായത്. നിരവധി പേര്‍ ജയിലിലാണ്. ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. മധ്യപ്രദേശില്‍ 600 ക്രൈസ്തവ സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നു. അസാമില്‍ ഒരു സ്‌കൂളിനും വിശുദ്ധന്‍മാരുടെ പേരിടാന്‍ പാടില്ലെന്നാണ് സംഘ്പരിവാര്‍ വിരട്ടുന്നത്. ചര്‍ച്ച് ബില്‍ വന്നാലും യു.ഡി.എഫ് ഇതേ നിലപാട് സ്വീകരിക്കും.

കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചാലും കേന്ദ്രത്തിന്റെ അനുമതി വാങ്ങി വന്നാലും കേരളത്തില്‍ കെ. റെയില്‍ നടപ്പാക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല. ഈ പദ്ധതി പാരിസ്ഥിതികമായി തകര്‍ത്ത് തരിപ്പണമാക്കും. കാലാവസ്ഥാ വ്യതിയാനമുണ്ടാക്കിയ ദുരന്തമേഖലയായി കേരളം മാറിയിരിക്കുകയാണ്. കേരളത്തിന് നടുവിലൂടെ 30 അടി ഉയരത്തില്‍ 300 കിലോ മീറ്റര്‍ ദൂരം എംബാങ്‌മെന്റ് കെട്ടി, 200 കിലോമീറ്ററില്‍ പത്തടി ഉയരത്തില്‍ മതിലും കെട്ടിയുള്ള കെ. റെയില്‍ വന്നാല്‍ കേരളത്തിന്റെ സ്ഥിതി എന്താകും. ഒരു പഠനവും ഇല്ലാതെ തട്ടിക്കൂട്ടിയ ഡി.പി.ആറുമായാണ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്. ഖജനാവില്‍ പൂച്ചപെറ്റു കിടക്കുമ്പോഴാണ് രണ്ടു ലക്ഷം കോടിയുടെ പദ്ധതി നടപ്പാക്കുന്നത്. പണമില്ലാതെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും നിലച്ചു. പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്ന പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. നിലവിലെ റെയില്‍ പാതയ്ക്ക് സമാന്തരമായി പാതയുണ്ടാക്കി സ്പീഡ് ട്രെയിന്‍ കൊണ്ടു വരുന്നതിന് പകരമാണ് പാരിസ്ഥിതികമായി തകര്‍ക്കുന്ന പദ്ധതിയുമായി സര്‍ക്കാര്‍ വരുന്നത്. മൂന്ന് സെന്റ് ഭൂമി വാങ്ങി വീട് വയ്ക്കാന്‍ പോലും സ്ഥലം ഇല്ലാത്ത സംസ്ഥാനത്താണ് ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പ്രോജക്ടുകളോടുള്ള താല്‍പര്യമാണ് കെ റെയിലിന് പിന്നാലെ പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.

ബി.ജെ.പിയില്‍ അടി നടക്കുന്നത് കാണുമ്പോള്‍ സി.പി.എമ്മിന് വിഷമമുണ്ടാകും. കാരണം ബി.ജെ.പിയെ ജയിപ്പിക്കാനാണല്ലോ സി.പി.എം ഇറങ്ങിയിരിക്കുന്നത്. കൊടകര കുഴല്‍പ്പണ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കാട്ടിയ കള്ളക്കളിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 41 കോടി 40 ലക്ഷം രൂപ ബി.ജെ.പി പ്രസിഡന്റിന് വേണ്ടി കള്ളപ്പണമായി കൊണ്ടു വന്നെന്ന് പറഞ്ഞിട്ടും സി.പി.എമ്മും പിണറായി വിജയനും അതിനെ പ്രചരണത്തിന് വേണ്ടിയെങ്കിലും ഉപയോഗിച്ചോ? കുഴല്‍പ്പണ കേസും മഞ്ചേശ്വരം കോഴ കേസും ഒത്തുതീര്‍പ്പാക്കിയതാണെന്ന് യു.ഡി.എഫ് മാത്രമാണ് പറഞ്ഞത്. കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ നടത്തുന്ന അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കുന്നതിനു വേണ്ടിയാണ് രണ്ടു കേസുകളില്‍ നിന്നും സുരേന്ദ്രനെ രക്ഷപ്പെടുത്തിയത്. സി.പി.എമ്മും ബി.ജെ.പിയും പരസ്പരം പുറം ചൊറിഞ്ഞു കൊടുക്കുകയാണ്.

ലെഹര്‍ സിങ് സെറായ എന്ന ബി.ജെ.പി നേതാവ് കൊടുത്തു വിട്ട പണം കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ട പ്രകാരമാണ് എത്തിച്ചതെന്ന മൊഴി ഇപ്പോഴാണ് പുറത്തുവന്നത്. പക്ഷെ ഇതേക്കുറിച്ച് ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിക്ക് നേരത്തെ അറിയാമായിരുന്നു. പിണറായി വിജയന്‍ കേസെടുക്കാത്ത കാര്യത്തില്‍ അതേക്കുറിച്ച് അറിയാത്ത പ്രതിപക്ഷ നേതാവ് എങ്ങനെയാണ് കേസ് കൊടുക്കുന്നത്? മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും മൂടി വച്ച വിവരങ്ങള്‍ ബി.ജെ.പിയിലെ പടലപ്പിണക്കത്തെ തുടര്‍ന്നാണ് ഇപ്പോള്‍ പുറത്തു വന്നത്. സുരേന്ദ്രന്‍ മത്സരിച്ച വയനാട്ടില്‍ പോയി, ഇയാള്‍ നിയമസഭ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച ആളാണെന്നും ഇ.ഡി ഒരു കേസ് പോലും എടുത്തില്ലെന്നു പറയാന്‍ പിണറായി വിജയന്‍ തയാറായോ? തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് പോലും സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തില്ല.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കുട്ടിക്കുരങ്ങന്‍ എന്നാണ് വിളിച്ചത്. അത് നിങ്ങള്‍ ആരെങ്കിലും കേട്ടോ? കൈ കൊടുക്കാത്തതു പോലുള്ള പൈങ്കിളി സാധനങ്ങള്‍ തിരഞ്ഞെടുപ്പ് അജണ്ടയില്‍ നിന്നും നിങ്ങള്‍ മാറ്റണം. മാധ്യമങ്ങളെ ജനങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ച ചെയ്യപ്പെടുന്ന ഗൗരവകരമായ അജണ്ടയിലേക്ക് നിങ്ങള്‍ ഫോക്കസ് ചെയ്യണമെന്നത് വിനയപൂര്‍വമായ അഭ്യർത്ഥനായെന്നും വി ഡി സതീശൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!