എല്ലാം അവസാനിപ്പിക്കുന്നുവെന്ന് കരഞ്ഞു പറഞ്ഞ് വിവാദ യൂട്യൂബർ ‘തൊപ്പി’. വിഷാദത്തിലൂടെ കടന്നു പോവുകയാണെന്നും ഇനിയിത് തുടരാനാകില്ലെന്നുമാണ് പിറന്നാൾ ദിനത്തിലെ യൂട്യൂബ് സ്ട്രീമിങ്ങിൽ തൊപ്പി പറയുഞ്ഞത്. വീട്ടുകാർ തെന്നെ സ്വീകരിക്കുന്നില്ല, പണവും പ്രശസ്തിയുമുണ്ടാക്കിയിട്ട് പിന്നെ എന്താണ് കാര്യം. ‘തൊപ്പി’ എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാർഥ വ്യക്തിത്വത്തിലേക്ക് മടങ്ങുക മാത്രമാണ് ജീവിതത്തിലേക്ക് തിരികെവരാനുള്ള ഏക പോംവഴിയെന്നും നിഹാദ് വീഡിയോയിൽ പറയുന്നുണ്ട്.’ഇന്ന് സ്ട്രീമിങ്ങില്ല. ഇന്നെൻ്റെ പിറന്നാളായിട്ട് രാവിലെ മുതൽ ഇങ്ങനെ തന്നെയാണ്. കിടന്ന് ഉറങ്ങുന്നു, എഴുന്നേൽക്കുന്നു, ഉറങ്ങുന്നു, എഴുന്നേൽക്കുന്നു… ഇതുതന്നെ പണി. ഭ്രാന്തുപിടിച്ചപ്പോൾ ലൈവിട്ടതാണ്. ഞാൻ ലൈവ് ചെയ്തിട്ട് ഇപ്പോൾ ഒരു മാസമായോ.. ‘ഹാപ്പി ബെർത്ത് ഡേ’ എന്ന് പറഞ്ഞ് ആരും വരരുത്. ഒറ്റ കാര്യമേ പറയാനുള്ളൂ. പിറന്നാൾ സമ്മാനം, ആഘോഷം ഒന്നുമില്ല.. ഒന്നിനും ഞാനില്ല. ഇവിടെയുള്ളവരെയെല്ലാം പറഞ്ഞുവിട്ടൂ. എനിക്ക് പിറന്നാൾ സമ്മാനമായി തരാനുദ്ദേശിക്കുന്ന പണം വേറെ എന്തിനെങ്കിലും ഉപയോഗിക്കുക. പോയി ഭക്ഷണം കഴിക്കൂ, അല്ലെങ്കിൽ ആർക്കെങ്കിലും ഭക്ഷണം വാങ്ങിക്കൊടുക്കൂ.ലൈവ് വരാനാണെങ്കിൽ എന്നും വരാമായിരുന്നു. കഴിഞ്ഞ ഒരുമാസമായി ഞാനിവിടെ കിടന്ന് ഉരുളുകയാണ്. വിഷാദത്തിലേയ്ക്ക് പോയ എൻ്റെ ജീവിതം നിങ്ങളെ കാണിച്ചിട്ട് എന്തിനാണ്. കേൾക്കുമ്പോൾ തമാശയായിട്ട് തോന്നും. ഞാനീ ക്യാരക്ടർ അവസാനിപ്പിക്കാൻ പോവുകയാണ്. അവസാനം ലൈവ് വന്നിട്ട് വീട്ടിൽ പോവുകയാണെന്ന് പറഞ്ഞ് പോയത് ഓർക്കുന്നുണ്ടോ? സ്വന്തം കുടുംബം മുഖത്ത് വാതിൽ കൊട്ടിയടയ്ക്കുകയാണ്. പിന്നെ എത്ര പണമുണ്ടാക്കി പ്രശസ്തിയുണ്ടാക്കി എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം. എല്ലാം അവസാനിപ്പിക്കാൻ സമയമായി. എനിക്ക് മടുത്തു. ഞാൻ കഞ്ചാവാണെന്നാണ് പറയുന്നത്. ഞാൻ ഇങ്ങനെ തന്നെയാണ്. ജീവിതത്തിൽ അത്രയും വിഷമിച്ച ഒരു ദിവസമുണ്ടായിട്ടില്ല. കഴിഞ്ഞ ഒരുമാസമായി ഞാനിങ്ങനെയാണ്. എല്ലാ ദിവസവും ഞാൻ ഇങ്ങനെ വന്ന് ലൈവ് ഇടണമെന്നാണോ നിങ്ങൾ പറയുന്നത്. എനിക്കാരുമില്ല.. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. എൻ്റെ അവസ്ഥ എങ്ങനെയാണ് പറഞ്ഞ് മനസിലാക്കുക എന്നറിയില്ല. എനിക്ക് മുന്നിലുള്ള അവസാന വഴി ‘തൊപ്പി’ എന്ന കഥാപാത്രത്തെ ഒഴിയുകയാണ്. ഞാൻ എന്നിലേക്ക് തിരിച്ച് പോവുകയാണ് ഇനി എനിക്ക് സന്തോഷമായിരിക്കാനുള്ള ഏക വഴി. ഞാനൊരുപാട് ശ്രമിച്ചു. അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് ഉരുളുകയാണ്. ഭക്ഷണം കഴിക്കാൻ പോലും പറ്റുന്നില്ല. നിങ്ങൾക്കെല്ലാം ഞാനൊരു കോമാളി. ആളുകൾ എന്തെങ്കിലും കരുതട്ടേ.സ്വന്തം കുടുംബം അംഗീകരിക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ്. ഈ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ ഞാൻ ശ്രമിക്കാത്ത വഴികളില്ല. മുഖം മൂടിയിട്ടാണ് ഓരോ തവണയും ലൈവിൽ വരുന്നത്. ഇതിൽ കൂടുതൽ എനിക്ക് പറ്റില്ല. എൻ്റെ ജീവിതം ഇങ്ങനെയാകുമെന്ന് ഞാൻ വിചാരിച്ചില്ല. തൊപ്പി മരിച്ചു, ഇനി നിഹാദായി കാണാം. ലൈവ് നിർത്താൻ തോന്നുന്നില്ല, നിർത്തിയാൽ സഹിക്കാൻ പറ്റാത്ത ഏകാന്തതയാണ്.’ എന്ന് പറഞ്ഞാണ് നിഹാദ് യൂട്യൂബ് വീഡിയോ അവസാനിപ്പിക്കുന്നത്.