പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ ദേശീയ ശ്രദ്ധ ആകർഷിക്കുന്ന വയനാട്ടിൽ മണ്ഡലം കൺവെൻഷനുകൾക്ക് തുടക്കം കുറിച്ച് യുഡിഎഫ്. പ്രിയങ്കാ ഗാന്ധി ഈ മാസം 23ന് വായനാട്ടിലെത്തി നാമ നിർദേശ പത്രിക സമർപ്പിക്കും. പ്രിയങ്കക്കൊപ്പം രാഹുൽഗാന്ധിയും വയനാട്ടിൽ എത്തും.
പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ സുധാകരനുമാണ് വയനാട്ടിൽ യുഡിഎഫ് മണ്ഡലം കൺവെൻഷനുകളുടെ ഭാഗമാകുന്നത്. 7 നിയോജകമണ്ഡലങ്ങളിലെയും കൺവെൻഷനുകൾ ഇന്ന് പൂർത്തിയാകും. ആർഎസ്എസിനെ എതിർക്കാനാണ് പ്രിയങ്കാ ഗാന്ധിയെ പാർലമെന്റിലേക്ക് അയക്കുന്നതെന്നും, 5 ലക്ഷത്തിൽ അധികം ഭൂരിപക്ഷം നേടുമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞിരുന്നു.
അതേസമയം,മണ്ഡലത്തിലെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതോടെ നാളെ മുതൽ മുന്നണികൾ പ്രചാരണം ശക്തമാക്കാൻ ഒരുങ്ങുകയാണ്. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി വയനാട്ടിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കിറങ്ങുന്നത്. ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കും. വയനാട്ടിൽ സന്ദീപ് വാര്യരുടെ പേരാണ് ഏറ്റവും ഒടുവിലായി കേൾക്കുന്നത്. എന്നാൽ സർപ്രൈസ് സ്ഥാനാർത്ഥികൾ ഉണ്ടാകാനും സാധ്യതയുണ്ട്.