കഴിഞ്ഞ ദിവസമാണ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധ ഭീഷണി ലഭിച്ചത്. 5 കോടി നല്‍കിയില്ലെങ്കില്‍ സല്‍മാന് മരണമായിരിക്കും എന്നാണ് വാട്ട്സ്ആപ്പ് ഭീഷണിയില്‍ പറഞ്ഞിരുന്നത്. മുംബൈ ട്രാഫിക്ക് പൊലീസിന്‍റെ എമര്‍ജന്‍സി വാട്ട്സ്ആപ്പ് നമ്പറിലാണ് ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തിട്ടുണ്ട്. അതേ സമയം സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സൽമാൻ ഖാൻ ബുള്ളറ്റ് പ്രൂഫ് നിസാൻ പട്രോൾ എസ്‌യുവി വാങ്ങിയതായി ബോളിവുഡ് സൊസൈറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ കാർ ലഭ്യമല്ലാത്തതിനാൽ താരം ദുബായിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതായാണ് റിപ്പോർട്ട്. കാറിന്‍റെ വില ഏകദേശം 2 കോടിയാണ്. കാർ ഇന്ത്യയിലേക്ക് വേഗത്തിൽ എത്തിക്കാൻ ഇതിലും കൂടുതല്‍ തുക താരം ചെലവഴിക്കുമെന്നാണ് വിവരം. ഓൺലൈനിൽ ലഭ്യമായ കാറിന് വലിയ സുരക്ഷ പ്രത്യേകതകളാണ് ഉള്ളത്. ബുള്ളറ്റ് ഷോട്ടുകൾ തടയുന്നതിനുള്ള കട്ടിയുള്ള ഗ്ലാസ് ഷീൽഡുകൾ, ഡ്രൈവറെയോ യാത്രക്കാരനെയോ തിരിച്ചറിയുന്നത് തടയാനുള്ള സംവിധാനങ്ങള്‍ അടക്കം നിരവധി നൂതന സുരക്ഷാ നടപടികൾ എസ്‌യുവിയിൽ ഉണ്ട്.കഴിഞ്ഞ വർഷവും സൽമാൻ യുഎഇയിൽ നിന്ന് മറ്റൊരു ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങി ഇറക്കുമതി ചെയ്തിരുന്നു, തനിക്കും പിതാവ് സലിം ഖാനും ആദ്യമായി ബിഷ്‌ണോയ് സംഘത്തിൽ നിന്ന് വധഭീഷണി ഉണ്ടായപ്പോഴാണ് ഈ കാര്‍ സല്‍മാന്‍ വാങ്ങിയത്.സല്‍മാന്‍റെ അടുത്ത സുഹൃത്തായ രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ സല്‍മാനുള്ള സുരക്ഷ മുംബൈ പൊലീസ് ഇരട്ടിയാക്കിയിരുന്നു. കഴിഞ്ഞ എപ്രിലില്‍ സല്‍മാന്‍ താമസിക്കുന്ന മുംബൈയിലെ ഗ്യാലക്സി അപ്പാര്‍ട്ട്മെന്‍റിനെതിരെ വെടിവയ്പ്പ് ഉണ്ടായിരുന്നു. അതേ സമയം എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദര്‍ എന്ന ചിത്രത്തിലാണ് സല്‍മാന്‍ അഭിനയിക്കുന്നത്. ഇതിനൊപ്പം ബിഗ് ബോസ് സീസണ്‍ 18 അവതാരണവും സല്‍മാന്‍ നിര്‍വഹിക്കുന്നുണ്ട്.