ലോകഭക്ഷ്യദിനാചരണത്തോടനുബന്ധിച്ച് ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളും കോഴിക്കോട് ജില്ലാ ഭക്ഷ്യസുരക്ഷാവകുപ്പും ചേർന്ന് വിദ്യാർത്ഥികള്‍ക്ക് ബോധവത്കരണസെമിനാർ നടത്തി. ‘ഭക്ഷണം അവകാശമാണ്: നല്ല ഭാവിക്കും നല്ല ജീവിതത്തിനും’ എന്ന ഈ വർഷത്തെ ഭക്ഷ്യദിനമുദ്രാവാക്യത്തെ ആസ്പദമാക്കി കുന്ദമംഗലം സർക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസർ എസ് ലസിക സംസാരിച്ചു.
മായം കലർന്ന ഭക്ഷണങ്ങള്‍ തിരിച്ചറിയുന്നതിലൂടെയും ജങ്ക് ഫുഡ് ഉപയോഗം കുറയ്ക്കുന്നതിലൂടെയും ശരിയായ ഭക്ഷണശീലത്തിലൂടെയും വിദ്യാർത്ഥികളെ ആരോഗ്യമുള്ള തലമുറയായി വളർത്തുകയാണു ഭക്ഷ്യദിനാചരണത്തിന്‍റെ ലക്ഷ്യമെന്ന് എസ് ലസിക പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിയതി, കാലാവധി, ചേരുവകള്‍, എഫ്എസ്എസ്എഐ നംബർ തുടങ്ങി കടകളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങുമ്പോള്‍ നിർബന്ധമായും ശ്രദ്ധിക്കേണ്ട വസ്തുതകള്‍ വിശദീകരിച്ചു. പൊണ്ണത്തടി, വിഷാദരോഗം, ദഹനപ്രശ്നങ്ങൾ, രക്തത്തില്‍ പഞ്ചസാരയുടെ അമിത വർധന, പ്രമേഹം, തലച്ചോറിന്‍റെ പ്രവർത്തനങ്ങൾ മന്ദത, ഹൃദ്രോഗങ്ങൾ, വൃക്ക തകരാറുകള്‍, കരൾ രോഗം, കാൻസർ തുടങ്ങി ജങ്ക് ഫുഡുകളുടെ നിരന്തര ഉപയോഗം മൂലം സംഭവിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ച് എസ് ലസിക വിദ്യാർത്ഥികളെ ഓർമപ്പെടുത്തി.
ദയാപുരം മരക്കാർ ഹാളില്‍ ചേർന്ന സെമിനാറില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.ജ്യോതി അധ്യക്ഷയായിരുന്നു. സ്കൂള്‍ കംപാർട്മെന്‍റ് മേധാവികളായ പി.വി ഗിരിജ, എ.കെ ഖദീജ തുടങ്ങിയവർ നേതൃത്വം നല്കി. അധ്യാപക പ്രതിനിധി അല്‍മാസ് ഗഫൂർ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി ഫൈഹ ഷമാന്‍ നന്ദിയും പറഞ്ഞു.