മിൽട്ടൺ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് കര തൊട്ടതിനെ തുടർന്ന് ഫ്ളോറിഡയിൽ കനത്ത പേമാരിയും കൊടുങ്കാറ്റും. കാറ്റഗറി 2 കൊടുങ്കാറ്റായി ശക്തി പ്രാപിച്ച മിൽട്ടൺ 105 മൈൽ വേഗതയിലാണ് തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കുന്നത്. ചുഴലിക്കാറ്റിൽ പെട്ടതിനെ തുടർന്ന് ഒരു വൃദ്ധസദനത്തിൽ നിരവധി പേർ മരിച്ചതായി പൊലീസ് റിപ്പോർട്ട് ചെയ്തു. മഴ ശക്തമായതിനെ തുടർന്ന് ജനങ്ങൾ വെള്ളപ്പൊക്ക ഭീതിയിലാണ്. 10 ഇഞ്ച് മഴയാണ് ടാമ്പയിൽ പെയ്തത്. സെയിന്റ് പീറ്റേർസ്ബർഗ് നഗരത്തിൽ 17 ഇഞ്ച് മഴ പെയ്തു. കൊടുങ്കാറ്റിൽ നിരവധി വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. 2 ദശലക്ഷത്തോളം ആളുകൾക്ക് വൈദ്യുതിയും നിലച്ചു.