ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവന്റെ പ്രസ്താവന അവഗണിച്ച് ഒരു സംഘം പ്രവര്‍ത്തകര്‍ ഡിഎംകെയുടെ കൊടിയുമായി പി വി അന്‍വര്‍ എംഎല്‍എയുടെ വീട്ടിലെത്തി. വൈകിട്ട് 4.25ആണ് പ്രവര്‍ത്തകര്‍ കൊടിയുമായി അന്‍വറിന്റെ വീട്ടിലേത്തിയത്.
സിപിഎമ്മുമായി മുന്നണി ബന്ധമുള്ളതിനാല്‍ പി.വി അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കാനാകില്ലെന്ന് നേരത്തെ ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ പറഞ്ഞിരുന്നു. സിപിഎം നടപടിയെടുത്തയാളാണ് അന്‍വറെന്നും മുന്നണിബന്ധത്തിനു കോട്ടം തട്ടുന്ന രീതിയിലുള്ള നടപടികള്‍ സാധ്യമല്ലെന്നും ഇളങ്കോവന്‍ പറഞ്ഞിരുന്നു.
ഇന്ന് വൈകീട്ട് മഞ്ചേരിയില്‍ നടക്കുന്ന പി.വി അന്‍വറിന്റെ പൊതുയോഗത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണു വിവരം. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്നാണ് പാര്‍ട്ടിയുടെ പേരെന്നാണു വിവരം. എന്നാല്‍, സാമൂഹിക സംഘടനയാണിതെന്നും രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു.