മണിപ്പൂർ കലാപത്തെത്തുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദില്ലിയിൽ മൂന്നാം മോദി സർക്കാരിൻറെ 100 ദിവസത്തെക്കുറിച്ച് വിശദീകരിക്കാൻ അമിത് ഷാ വിളിച്ച വാർത്താ സമ്മേളനത്തിലാണ് മണിപ്പൂരിനെക്കുറിച്ചുള്ള ചോദ്യം ഉയർന്നത്. ബീരെൻ സിംഗ് മുഖ്യമന്ത്രിയായി തുടരുന്നത് എന്തുകൊണ്ട് എന്നാരാഞ്ഞപ്പോൾ നിങ്ങൾക്ക് ചോദിക്കാം എന്നാൽ തർക്കിക്കേണ്ട എന്നായിരുന്നു അമിത് ഷായുടെ മറുപടി. മണിപ്പൂരിൽ രണ്ടു വിഭാഗവുമായും ചർച്ചകൾ തുടരുകയാണെന്നും അമിത് ഷാ അറിയിച്ചു. പ്രധാനമന്ത്രി മണിപ്പൂരിൽ പോകാനുള്ള തീരുമാനം എടുക്കുമോ എന്ന ചോദ്യത്തിന് എന്തെങ്കിലും തീരുമാനിച്ചാൽ നിങ്ങളറിയും എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. സംസ്ഥാനത്ത് ശാശ്വത സമാധാനത്തിനായി കേന്ദ്ര സർക്കാർ ഇരുവിഭാഗങ്ങളുമായി ചർച്ചയിലാണെന്നും അമിത് ഷാ വ്യക്തമാക്കി. വഖഫ് ബിൽ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ സുപ്രധാന വിഷങ്ങളിലും അമിത് ഷാ പ്രതികരിച്ചു. വഖഫ് ബില്ലിൽ നിന്ന് പിന്നോട്ടില്ലെന്നും വൈകാതെ ഇത് പാസാക്കുമെന്നും അമിത് ഷാ അറിയിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഈ സർക്കാരിൻറെ കാലഘട്ടത്തിൽ തന്നെ നടപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറിയ എൻഡിഎ സർക്കാർ രാഷ്ട്രീയ സ്ഥിരതയ്ക്ക് ഉദാഹരണമാണെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 60 വർഷത്തിനിടെ ആദ്യമായാണ് ഇത് സംഭവിക്കുന്നത്. വിദേശ നയത്തിലും കരുത്തുറ്റ തീരുമാനങ്ങളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറിയ എൻഡിഎ സർക്കാർ ആദ്യ 100 ദിവസത്തിനുള്ളിൽ 15 ലക്ഷം കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് കാർഡ് തന്നെ ബിജെപി പുറത്തിറക്കിയിട്ടുണ്ട്.