തിരുവനന്തപുരം: ഇന്നലെ അന്തരിച്ച സംവിധായകന്‍ ഹരികുമാറിന്റെയും നടി കനകലതയുടെയും സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും. ഹരികുമാറിന്റെ മൃതദേഹം രാവിലെ പാങ്ങോട് ചിത്രാ നഗറിലെ വീട്ടിലും 12.30ന് വൈലോപ്പിള്ളി സംസ്‌ക്യതി ഭവനിലും പൊതുദര്‍ശനത്തിന് വക്കും. ഉച്ചയ്ക്ക് 2.30 ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവര്‍ ഹരികുമാറിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ഇന്നലെ വൈകിട്ടാണ് സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചത്. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നടി കനകലതയുടെ സംസ്‌കാരവും ഇന്ന് നടക്കും. പാര്‍ക്കിന്‍സണ്‍സ് രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെ തിരുവനന്തപുരത്തായിരുന്നു അന്ത്യം. 350ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്. 2022 മുതല്‍ രോഗബാധിതയായിരുന്നു.