രണ്ട് പേരെ ആക്രമിച്ച് കൊന്ന കരടിയെ തല്ലിക്കൊന്ന് നാട്ടുകാർ. ആന്ധ്ര പ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് സംഭവം. സി എച്ച് ലോകനാഥം, അപ്പികൊണ്ട കുമാർ എന്നിവരെയാണ് ഇന്നലെ കരടി ആക്രമിച്ചത്. മറ്റൊരു സ്ത്രീയ്ക്കും കരടിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. ജനവാസ മേഖലയിൽ കരടി എത്തിയത് ആളുകൾക്കിടയിൽ പരിഭ്രാന്തി പടരാൻ കാരണമായിരുന്നു. ഇതിനിടയിലാണ് രണ്ട് പേരെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയത്.ഇതോടെയാണ് ഗ്രാമവാസികൾ സംഘടിച്ച് എത്തി കരടിയെ തിരഞ്ഞ് കണ്ടെത്തി തല്ലിക്കൊന്നത്. നേരത്തെ ഈ മേഖലയിൽ കരിട കുഞ്ഞുങ്ങളെ കണ്ടതിന് പിന്നാലെ ഗ്രാമീണർ വനം വകുപ്പിനെ വിവരം അറിയിച്ചിരുന്നു. ഇവയെ മൃഗശാലയിലേക്ക് മാറ്റണമെന്നും ഗ്രാമവാസികൾ ആവശ്യപ്പെട്ടതിന് പരിഹാരം ആയിരുന്നില്ല. ഇതോടെയാണ് ആളുകൾ കരടിയെ കൊന്നത്.