കേരള നിയമസഭയുടെ അന്തസിനെ തന്നെ ചോദ്യം ചെയ്യുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം സഭയില്‍ അവതരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നോട്ടീസ് നല്‍കി. നിയമസഭയുടെ ഭാഗമാണ് ഗവര്‍ണര്‍ എന്നിരിക്കെ നിയമസഭാ നടപടിയെ വെല്ലുവിളിക്കുകയും നിയമസഭയുടെ അന്തസിനെ തന്നെ ചോദ്യം ചെയ്യുകയും ചെയ്യുന്ന നിലപാട് സ്വീകാര്യമല്ല. അതുകൊണ്ട് ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ രാഷ്ട്രപതി തയ്യാറാകണമെന്ന പ്രമേയം നിയസഭയില്‍ അവതരിപ്പിച്ച് പാസാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമസഭ പ്രമേയം പാസാക്കിയ നടപടി ചട്ടവിരുദ്ധവും തെറ്റുമാണെന്ന ഗവര്‍ണറുടെ നിലപാട് അനുചിതമാണ്. സ്പീക്കറുടെ അനുമതിയോടെയാണ് നിയമസഭ പ്രമേയം പരിഗണനക്ക് എടുത്തതും ഐക്യകണ്‌ഠേന പാസാക്കിയും. അത് കേരളത്തിലെ ജനങ്ങളുടെ വികാരമാണ്. കേരള നിയമസഭയുടെ ഭാഗമായ ഗവര്‍ണര്‍ പ്രമേയത്തെ തള്ളിയും നിയമസഭാ നടപടിയെ അവഹേളിച്ചതും തെറ്റാണ്. അതൃപ്തിയുണ്ടെങ്കില്‍ അത് ഗവര്‍ണര്‍ സ്പീക്കറെ രേഖാമൂലം അറിയിക്കണമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

