ഗസ്സ: ഗസ്സ സിറ്റിയുടെ പടിഞ്ഞാറന്‍ പ്രദേശത്ത് ട്രക്കിന് മുന്നില്‍ ഭക്ഷണത്തിനായി കാത്തിരുന്ന ഫലസ്തീനികള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ ഇസ്രായേല്‍ സൈന്യം വെടിവെച്ചു. സംഭവത്തില്‍ ഒരാള്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ ചിതറിയോടുന്നതിന്റെയും വെടിയേറ്റുവീഴുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ഗസ്സ സിറ്റിയുടെ പടിഞ്ഞാറന്‍ പ്രദേശത്താണ് തിങ്കളാഴ്ച ക്രൂരത അരങ്ങേറിയത്. കനത്ത വെടിയൊച്ച മുഴങ്ങുന്നതിനിടെ ഭക്ഷണത്തിന് കാത്തിരുന്നവര്‍ തീരദേശ റോഡിലൂടെ ഓടിമാറുന്നത് വിഡിയോയില്‍ കാണാം. ”കുട്ടികള്‍ക്കും ഞങ്ങള്‍ക്കും ഭക്ഷണം തയാറാക്കാന്‍ എല്ലാവരെയും പോലെ ഞങ്ങള്‍ കുറച്ച് മാവ് എടുക്കാന്‍ പോയതായിരുന്നു. പൊടുന്നനെ ടാങ്കുകളിലെത്തിയ ഇസ്രായേല്‍ സേന ഞങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തു” -ദൃക്സാക്ഷികളിലൊരാള്‍ അല്‍ജസീറയോട് പറഞ്ഞു. വെടിവെപ്പിനും പരക്കംപാച്ചിലിനുമിടയില് ഭക്ഷ്യമാവിന്റെ ചാക്ക് പൊട്ടി നിലത്തുവീണ മാവ് കോരിയെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഫലസ്തീന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്രായേല്‍ ആക്രമണത്തില്‍ 29,092 ഫലസ്തീനികളാണ് ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടത്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 69,028 പേര്‍ക്ക് ഇതിനകം പരിക്കേറ്റു.