തിരുവനന്തപുരത്തേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി ഒമാന്റെ ദേശീയ വിമാന കമ്പനി ഒമാന്‍ എയര്‍. ജനുവരി 31 മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്നാണ് വെബ്സൈറ്റില്‍ കാണിക്കുന്നത്. ഞായര്‍, ബുധന്‍, വ്യാഴം, ശനി എന്നീ ദിവസങ്ങളിലായിരിക്കും സര്‍വീസുകള്‍ നടത്തുക. ശരാശരി 100 റിയാലിനടുത്താണ് ടിക്കറ്റ് നിരക്ക്. ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ തിരുവനന്തപുരം സെക്ടറില്‍ സര്‍വീസ് തുടങ്ങിയതോടെ ഒമാന്‍ എയര്‍ ഈ റൂട്ടില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. തിരുവനന്തപുരത്തിന് പുറമെ ലഖ്നോവിലേക്കും ഒമാന്‍ എയര്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.അതേസമയം സിയാല്‍കോട്ടിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇസ്ലാമാബാദ്, ലാഹോര്‍, കൊളംബോ, ചിറ്റാഗോഗ് സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്യും. വേനല്‍ക്കാലത്ത് ട്രാബ്സോണിലേക്കും ശൈത്യകാലത്ത് സൂറിക്, മാലി സെക്ടറുകളിലേക്കും സര്‍വീസുകള്‍ നടത്തും. തിരുവനന്തപുരത്തേക്ക് മസ്കത്തില് നിന്നും ഒമാന്‍ എയറിന് പുറമെ എയര്‍ ഇന്ത്യ എക്സ്പ്രസും സലാം എയറും നിലവില്‍ സര്‍വീസ് നടത്തിവരുന്നുണ്ട്.