വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി മുത്തശ്ശി മാവ്. കുന്ദമംഗലം മുക്കം റോഡ് എം എൽ എ ഓഫീസിന് സമീപമുള്ള വർഷങ്ങൾ പഴക്കമുള്ള പട് കൂറ്റൻ മുത്തശി മാവാണ് വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി നിലകൊള്ളുന്നത്. ദ്രവിച്ച് ഇല്ലാതായ ഇതിന്റെ കൊമ്പുകൾ വേനൽ കാലത്ത് പോലും ഒടിഞ്ഞ് വീഴുന്ന അവസ്ഥയിലാണ്.
കഴിഞ്ഞ ദിവസം ഏകദേശം ഒന്നര അടി കനത്തിലുള്ള കൊമ്പൊടിഞ്ഞു വീണ് തലനാരിഴക്കാണ് അപകടം ഒഴിവായത്. വാഹനങ്ങളോ കാൽ നട യാത്രക്കാരോ ആ സമയത്ത് ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
വർഷങ്ങളുടെ പഴക്കവും ഇത്തിൾക്കണ്ണിയും മരത്തിന്റെ നാശത്തിന് കാരണമായിട്ടുണ്ട്. വളരെ ഉയരത്തിൽ വളർന്ന മരത്തിന്റെ ചില്ലകൾ ഏത് സമയത്തും ഒടിഞ്ഞു വീഴുന്ന അവസ്ഥയിൽ ആണുള്ളത്. തൊട്ട് മുൻപിലുള്ള ഗുഡ്സ് ഓട്ടോ ഡ്രൈവർമാർക്കും ഈ മരം ഒരു ഭീഷണിയാണ്. അത് കൊണ്ട് തന്നെ ഈ മരം എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.