കോട്ടയം നഗരത്തിലെ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ശാസ്ത്രി റോഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓൺലൈൻ ചാനൽ ഉടമയ്ക്കെതിരെ പീഡനക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കോട്ടയം വെസ്റ്റ് പൊലീസ്.ശാസ്ത്രി റോഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തേർഡ് ഐ ന്യൂസ് എന്ന ഓൺലൈൻ ചാനലിന്റെ ഉടമ മുണ്ടക്കയം സ്വദേശിയും നിലവിൽ തോട്ടയ്ക്കാട്ട് താമസിക്കുന്ന ആളുമായ എ.കെ ശ്രീകുമാറിനെതിരെയാണ് ഇപ്പോൾ കോട്ടയം വെസ്റ്റ് പൊലീസ് രണ്ട് വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.ശാസ്ത്രി റോഡിലെ ഓഫിസിൽ ജോലി ചെയ്തിരുന്ന യുവതിയെ ജോലി സമയത്ത് ശ്രീകുമാറിന്റെ ഓഫിസ് മുറിയിൽ വിളിച്ച് വരുത്തി കടന്നു പിടിച്ചതായാണ് പരാതി. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.ഓഫിസിൽ ഞായറാഴ്ച ദിവസം യുവതിയെ ഇദ്ദേഹം വിളിച്ചു വരുത്തുകയായിരുന്നു. മറ്റ് ജീവനക്കാരെ മറ്റ് ജോലികൾക്ക് പുറത്തേയ്ക്ക് അയച്ചശേഷം ഈ യുവതിയെയും ചുരുക്കം ചില ജീവനക്കാരെയും മാത്രം ഓഫിസിൽ നിർത്തി. തുടർന്ന്, യുവതിയെ ശ്രീകുമാർ ഓഫിസിലെ തന്റെ ക്യാബിനിനുള്ളിലേയ്ക്കു വിളിച്ചു വരുത്തിയ ശേഷം കടന്നു പിടിയ്ക്കുകയായിരുന്നു.ഇതിന് ശേഷം യുവതിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷം യുവതി ജോലി രാജി വച്ചു. എന്നാൽ, ഈ ഓഫിസിൽ നിന്നും ജോലി രാജി വച്ചശേഷവും ഇയാൾ യുവതിയ്ക്കെതിരെ അപവാദ പ്രചാരണം നടത്തുകയായിരുന്നു.ഈ അപവാദ പ്രചാരണത്തിൽ മനം നൊന്താണ് യുവതി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ കോട്ടയം വെസ്റ്റ് പൊലീസ് എ.കെ ശ്രീകുമാറിന് എതിരെ യുവതിയുടെ മൊഴിയെടുത്ത് എഫ്.ഐആർ രജിസ്റ്റർ ചെയ്തു.ഇന്നലെ ഉച്ചയോടെ കോട്ടയം വെസ്റ്റ് പൊലീസ് സംഘം തേർഡ് ഐ ന്യൂസ് ലൈവിന്റെ ശാസ്ത്രി റോഡിലെ ഓഫിസിൽ എത്തി പരിശോധന നടത്തി ജീവനക്കാരുടെ അടക്കം മൊഴിയെടുത്തു. യുവതിയുടെ പരാതിയെ ശരിവയ്ക്കുന്ന മൊഴിയാണ് ഓഫിസിലെ മറ്റു ജീവനക്കാർ നൽകിയതെന്നാണ് ലഭിക്കുന്ന വിവരം.അടുത്ത ദിവസം തന്നെ പരാതിക്കാരിയായ യുവതിയുടെ മൊഴി മജിസ്ട്രേറ്റ് മുൻപാകെ രേഖപ്പെടുത്തും. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയാണ് കോട്ടയം വെസ്റ്റ് പൊലീസ് ശ്രീകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ കോട്ടയം ശാസ്ത്രി റോഡിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ശ്രീകുമാർ ഹോംനഴ്സിംങ് സ്ഥാപനം നടത്തിയിരുന്നു.അന്ന് ശ്രീകുമാറിനെതിരെ ഒരു സ്ത്രീ പരാതി നൽകുകയും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ച് എഫ്ഐആർ ക്വാഷ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇദ്ദേഹം തേർഡ് ഐ ന്യൂസ് ലൈവ് എന്ന ഓൺലൈൻ ചാനൽ തുടങ്ങിയത്.