ശബരിമലയിൽ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു. കണ്ടെയ്നർ ക്ഷാമം കാരണം ഒരാൾക്ക് അഞ്ച് ടിൻ അരവണ എന്ന രീതിയിലാണ് വിതരണം. പുതുതായി കരാർ എടുത്ത കമ്പനികൾ ഇന്ന് കൂടുതൽ ടിനുകൾ എത്തിക്കുന്നതോടെ പ്രതിസന്ധി തീരുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.ശബരിമലയിൽ ദിവസവും ഒന്നര ലക്ഷം ടിനുകൾക്കായി രണ്ട് കമ്പനികളാണ് കരാർ ഏറ്റെടുത്തിരുന്നത്. ഇതിൽ ഒരു കമ്പനി വീഴ്ച വരുത്തിയതോടെ ആണ് പ്രതിസന്ധി തുടങ്ങിയത്. ഒരു കരാറുകാരൻ മാത്രം ടീൻ നൽകുന്നതിനാൽ ഉൽപാദനം പകുതിയാക്കി കുറച്ചു. ഇതോടെ രണ്ട് ദിവസം മുൻപ് അരവണ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. മകരവിളക്ക് തീർത്ഥാടനം മുന്നിൽക്കണ്ട് പ്രശ്നപരിഹാരത്തിനായി രണ്ട് കമ്പനികൾക്ക് കൂടി കരാർ നൽകിയിട്ടുണ്ട്. ഇവർ കണ്ടെയ്നറുകൾ എത്തിക്കുന്നതോടെ പ്രതിസന്ധി തീരുമെന്നാണ് പ്രതീക്ഷ.അരവണ നിർമ്മിക്കാൻ ആവശ്യമായ ശർക്കരയ്ക്കുള്ള പ്രതിസന്ധി കഴിഞ്ഞയാഴ്ചയായിരുന്നു പരിഹരിച്ചത്. ഇതിന് തൊട്ടുപുറകെയാണ് ടിന്നുകളുടെ ക്ഷാമം. ദിവസവും ശരാശരി 3 ലക്ഷം ടിൻ അരവണയാണ് വിറ്റു പോകുന്നത്. കണ്ടെയ്നാർ ക്ഷാമം വന്നതോടെ ദിവസങ്ങളായി വില്പനയും പകുതി ആണ്.