ആര്‍ത്തവ അവധി വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. വനിതാ ജീവനക്കാർക്ക് നിർബന്ധിത ശമ്പളത്തോടെയുള്ള ആർത്തവ അവധി എന്ന ആശയത്തിനെതിരെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റില്‍ രംഗത്തു വന്നതിന് പിന്നാലെയാണ് ഒരു ഇടവേളയ്ക്ക് ശേഷം ആര്‍ത്തവ അവധി വീണ്ടും ചര്‍ച്ചയാവുന്നത്. ചിലര്‍ ആര്‍ത്തവാവധി സ്ത്രീകളുടെ അവകാശമാണെന്ന് വാദിക്കുമ്പോള്‍ മറ്റു ചിലരുടെ അഭിപ്രായം സമത്വം എന്ന ആശയത്തിന് എതിരാണ് ഈ അവധി എന്നാണ്. ബ്യൂട്ടി ബ്രാന്‍ഡായ മാമ എര്‍ത്തിന്റെ സഹസ്ഥാപക ഗസല്‍ അലഗ് ഒരു ബദല്‍ നിര്‍ദേശവുമായി രംഗത്തെത്തി. “തുല്യ അവസരങ്ങൾക്കും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി നമ്മള് നൂറ്റാണ്ടുകളായി പോരാടുകയാണ്. ആര്‍ത്തവ അവധിക്കായി പോരാടുന്നത് കഠിനാധ്വാനം ചെയ്ത് നേടിയെടുത്ത സമത്വത്തിന് തിരിച്ചടിയായേക്കാം. എന്താണ് മികച്ച പരിഹാരം? ആര്‍ത്തവ വേദന അനുഭവിക്കുന്നവരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ (വര്‍ക്ക് ഫ്രം ഹോം) അനുവദിക്കണം”- ഇതാണ് ഗസല്‍ അലഗ് മുന്നോട്ടുവെച്ച ബദല്‍ നിര്‍ദേശം.എല്ലാ ജോലി സ്ഥലങ്ങളിലും ശമ്പളത്തോടെയുള്ള ആർത്തവ അവധി നിർബന്ധമാക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി ലോക്സഭയില്‍ വ്യക്തമാക്കിയതോടെയാണ് ആര്‍ത്തവ അവധി വീണ്ടും ചര്‍ച്ചയായത്. ശശി തരൂര്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ആർത്തവവും ആർത്തവചക്രവും ഒരു ശാരീരിക പ്രശ്നമല്ല, അത് സ്ത്രീകളുടെ ജീവിതയാത്രയുടെ സ്വാഭാവിക ഭാഗമാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. ആര്‍ത്തവ ദിവസങ്ങളില്‍ പ്രത്യേക അവധി നൽകുന്നത് തൊഴില്‍ മേഖലയില്‍ സ്ത്രീകളോടുള്ള വിവേചനത്തിന് കാരണമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.എന്നാല്‍ ആർത്തവ ശുചിത്വത്തിന് പ്രാധാന്യമുണ്ട്. അതുപ്രകാരം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കരട് ദേശീയ നയം രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ശരിയായ ആർത്തവ ശുചിത്വ പരിപാലന രീതികള്‍ സംബന്ധിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നയം രൂപപ്പെടുത്തുക. 10 മുതൽ 19 വയസ് വരെയുള്ള കൗമാരക്കാരായ പെൺകുട്ടികള്‍ക്കായി ‘പ്രമോഷൻ ഓഫ് മെൻസ്ട്രൽ ഹൈജീൻ മാനേജ്മെന്റ് (എംഎച്ച്എം) പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ വിദ്യാഭ്യാസ, ബോധവൽക്കരണ പരിപാടികളിലൂടെ ആർത്തവ ശുചിത്വത്തെക്കുറിച്ച് അവബോധം നല്‍കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.ഇന്ത്യയിൽ ഇതിനകം നിരവധി സ്വകാര്യ കമ്പനികള്‍ ആര്‍ത്തവ ദിനങ്ങളില്‍ ശമ്പളത്തോടെ അവധി നല്‍കുന്നുണ്ട്. യൂറോപ്യന്‍ രാജ്യമായ സ്പെയിന് നിയമനിര്‍മാണത്തിലൂടെ സ്ത്രീകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.