പുതുതലമുറയുടെ ശാസ്ത്രീയ ആശയങ്ങൾ പരീക്ഷിക്കാനും വികസിപ്പിക്കാനുമുള്ള ടിങ്കറിങ്ങ് ലാബ് പറയഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമായി. തുറമുഖം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ലാബ് ഉദ്ഘാടനം ചെയ്തു. ക്ലാസ് മുറിയിൽ നിന്ന് നേടിയ അറിവുകൾ പ്രയോഗവത്ക്കരിക്കാനുളള ഇടമായി ടിങ്കറിങ്ങ് ലാബ് പ്രവർത്തിക്കും. കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ കൂടുതൽ ഉന്നതങ്ങളിലേക്ക് നയിക്കാനുള്ള ശ്രമത്തിലാണ് സർക്കാറെന്നു മന്ത്രി അഭിപ്രായപ്പെട്ടു. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി രേഖ അധ്യക്ഷത വഹിച്ചു. യു.ആർ.സി സൗത്ത് പ്രത്യേകം വിഭാവനം ചെയ്ത പദ്ധതി നഗരത്തിലെ മറ്റ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കുൾപ്പെടെ സൗജന്യ പരിശീലനം നൽകുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്ന് തെരഞ്ഞടുക്കപ്പെട്ട 90 വിദ്യാർത്ഥികൾക്കുള്ള പരിശീലനം ഇന്ന് (നവംബർ നാല്) മുതൽ ആരംഭിക്കും. കോഡിങ്ങ്, റോബോട്ടിക്സ് ത്രീഡി പ്രിന്റുകൾ സെൻസർ കിറ്റുകൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം ലാബിലൊരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് നൂതന പഠനം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് സമഗ്ര ശിക്ഷാ കേരള 10 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്കൂളിൽ ടിങ്കറിംഗ് ലാബ് സജ്ജമാക്കിയത്. ചടങ്ങിൽ എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ വി ടി ഷീബ പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ ടി രനീഷ്, ഹയർ സെക്കൻഡറി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ്കുമാർ എം, ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റർ പ്രവീൺകുമാർ, പ്രിൻസിപ്പൽ സദാനന്ദൻ ഇ കെ, പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന കെ ജയശ്രീ, ടിങ്കറിങ് ലാബ് കൺവീനർ പി സി രാജശ്രീ തുടങ്ങിയവർ പങ്കെടുത്തു.