മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്ത ജെസിബി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും മോഷ്ടിച്ച കേസിൽ അഞ്ചുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു . ജെസിബി ഉടമയുടെ മകൻ മാർട്ടിൻ മാതാളിക്കുന്നേൽ , തമിഴ്നാട് സ്വദേശി രാജാ ഗോവിന്ദപടി , കൂമ്പാറ സ്വദേശി ജയേഷ് കീഴ്പ്പള്ളിയിൽ ,മുക്കം കല്ലുരുട്ടി തറ മുട്ടത്ത് റജീഷ് മാത്യു ,തമിഴ്നാട് സ്വദേശി രാജ് പുതുക്കോട്ടയിൽ എന്നിവരെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. വാഹനപകടത്തിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ ജെസിബി ആണ് ഉടമയുടെ നേതൃത്തിലുള്ള സംഘം സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും കടത്തിയത്. പകരം മറ്റൊരു ജെസിബി കൊണ്ടുവെക്കുകയും ചെയ്തു. തൊട്ടുമുക്കത്ത് സെപ്തംബർ 19ന് രാത്രി ജെ.സി.ബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ സുധീഷ് മരിച്ചിരുന്നു, അപകടത്തെ തുടർന്ന് ജെസിബി പോലീസ് കസ്റ്റഡിയിൽ എടുത്തു. പോലീസ് സ്റ്റേഷനോട് ചേർന്ന കോമ്പൗണ്ടിലാണ് ജെസിബി സൂക്ഷിച്ചിരുന്നത്. സുരക്ഷാ മതിലില്ലാത്ത ഈ കോമ്പൗണ്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം പുലർച്ചെ ആറംഗ സംഘം ജെസിബി കടത്തിക്കൊണ്ടുപോയത്. പകരം വെക്കാനുള്ള ജെസിബിയുമായി പ്രതികൾ എത്തിയപ്പോൾ ശബ്ദം കേട്ട് പോലീസ് പരിശോധന നടത്തുകയായിരുന്നു. പൊലിസിനെ കണ്ട് കാറിൽ കയറി പ്രതികൾ രക്ഷപ്പെട്ടു. ഈ വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളുടെ പുന്നക്കലിലെ ബന്ധു വീട്ടിൽ നിന്ന് അപകടം ഉണ്ടാക്കിയ ജെസിബിയും പോലീസ് കണ്ടെടുത്തു. അപകടമുണ്ടാക്കിയ ഇൻഷുറൻസ് ഇല്ലാത്ത ജെസിബിക്ക് പകരം ഇൻഷുറൻസ് ഉള്ള മറ്റൊരു ജെസിബി സ്റ്റേഷൻ കോമ്പൗണ്ടിൽ കൊണ്ടുവെച്ച് പോലീസിനെ കബളിപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് മുക്കം പോലീസ് അറിയിച്ചു
മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്ത ജെസിബി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും കടത്തി; അഞ്ച് പേർ അറസ്റ്റിൽ

