നെടുമ്പാശ്ശേരിയിൽ നിന്ന് വിമാനത്തിൽ ബാംഗ്ലൂരിലേക്ക് ഒരു യാത്ര. അവിടെ ചെന്ന് മെട്രൊ പൊളിറ്റൻ സിറ്റിയിലെ കാഴ്ചകൾ ആസ്വദിക്കാം തിരിച്ച് ട്രെയിനിൽ കോഴിക്കോട്ടേക്ക് .
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ അംഗങ്ങൾക്ക് വിമാനത്തിൽ കയറാനും ബാംഗ്ലൂർ നഗരം ചുറ്റിക്കറങ്ങാനുമുള്ള അവസരം ഉണ്ടാക്കിയിരിക്കുകയാണ് വാർഡ് മെമ്പർ കെ.കെ.സി. നൗഷാദ് . അതും സാധാരണക്കാരന് താങ്ങാവുന്ന ചെലവിൽ. 4000 രൂപ മാത്രമാണ് ബാംഗ്ലൂർ യാത്രയ്ക്ക് ഒരാൾക്ക് ചെലവ് വരുക. 160 അംഗങ്ങളാണ് യാത്ര സംഘത്തിലുള്ളത്.
ഞായറാഴ്ച രാത്രി ആറ് മണിക്ക് കുന്ദമംഗലം പഴയ ബസ് സ്റ്റാൻഡ് പ രിസരത്തുനിന്നാണ് യാത്ര തുടങ്ങുന്നത്. മെമ്പറെയും നാട്ടുകാരെയും യാത്രയാക്കാൻ എം.കെ. രാഘവൻ എം. പി യും എത്തും. കുന്ദമംഗലത്ത് നിന്ന് മൂന്ന് ബസുകളിലായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് . രാവിലെ എട്ട് മണിക്ക് ബംഗളൂരു വിമാനത്താവളത്തിൽ എത്തിച്ചേരും . അവിടെ നിന്നും കർണാടക നിയമസഭയായ വിധാൻ സൗധയിലേക്ക്.
നാട്ടുകാരെയും കൂട്ടി മെമ്പർ നിയമ സഭ കാണാൻ എത്തുമ്പോൾ അതിഥികളെ കർണാടക നിയമസഭ ചീഫ് വിപ്പ് സലീം അഹമ്മദ് സ്വീകരിക്കും. കബൺ പാർക്ക് , മെട്രോ റെയിൽ യാത്ര, ഗൃഹോപകരണമാളായ ഐക്യ മാൾ ഇതെല്ലാം യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കർണാടകയിലെ കെ എം.സി.സി വളന്റിയർമാരാണ് അതിഥികൾക്കുള്ള ഭക്ഷണം ഒരുക്കിയിരിക്കുന്നത്. നഗരക്കാഴ്ചകൾ ആസ്വദിച്ച ശേഷം രാത്രിയിൽ ബംഗളുരു റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും . അവിടെ നിന്ന് ട്രെയിനിൽ ചൊവ്വാഴ്ച രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തും.
ഇതാദ്യമായല്ല നൗഷാദ് വാർഡിലെ അംഗങ്ങളുമായി യാത്ര പോകുന്നത്. നേരത്തെ ഊട്ടിയിലേക്കായിരുന്നു യാത്ര. ജനങ്ങൾക്ക് ജീവിതം ആസ്വദിക്കാനുള്ള അവസരം നൽകേണ്ടതും തന്റെ കടമയാണെന്ന് വിശ്വസിക്കുന്നയാളാണ് യാത്രാ പ്രേമിയായ നൗഷാദ് . ബാംഗ്ലൂർ യാത്രയ്ക്ക് ഒരാൾക്ക് മൊത്തം ചെലവ് 5000 രൂപ വരുമെങ്കിലും മെംബറു ടെ സബ്സിഡി 1000 രൂപ പ്രയോജനപ്പെടുത്തിയാണ് ചെലവ് 4000 രൂപയിൽ ഒതുക്കിയത്.

