ഇന്ത്യ വേദിയായ പതിനെട്ടാമത് ജി20 ഉച്ചകോടിക്ക് ദില്ലിയിൽ കൊടിയിറങ്ങി. അടുത്ത വർഷം ഉച്ചകോടിക്ക് വേദിയാകുന്ന ബ്രസീലിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജി 20 അധ്യക്ഷസ്ഥാനം കൈമാറിയതോടെയാണ് ഉച്ചകോടിക്ക് സമാപിച്ചത്. ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ മോദിയിൽ നിന്ന് അധ്യക്ഷ സ്ഥാനം ഏറ്റുവാങ്ങി. ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയെ അഭിനന്ദിക്കുന്നതായും ജി 20 അധ്യക്ഷപദവി കൈമാറുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഡിസംബർ ഒന്നിനാകും ബ്രസീൽ ഔദ്യോഗികമായി അധ്യക്ഷപദവി ഏറ്റെടുക്കുക. ‘ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി’ എന്നതായിരുന്നു ഈ വർഷത്തെ ഉച്ചകോടിയുടെ വിഷയം.എല്ലാ രാഷ്ട്രങ്ങളുടെയും പരസ്‌പര ബന്ധത്തിനും ആഗോള വെല്ലുവിളികളിൽ കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകതയ്ക്കും ഊന്നൽ നൽകുന്നതായിരുന്നു ഈ വർഷത്തെ വിഷയം.
ഉച്ചകോടിയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ നവംബറിൽ വിർച്വൽ ഉച്ചകോടി സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.