1966 മാർച്ച് 5ന് മിസോറാം തലസ്ഥാനമായ ഐസോളിൽ ബോംബുകൾ വർഷിച്ചത് വ്യോമസേനയിൽ പൈലറ്റുമാരായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയുമായിരുന്നുവെന്ന ബിജെപി ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യയുടെ വാദം പൊളിച്ചു കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്.
ആരോപണമുന്നയിച്ച മാളവ്യക്കുള്ള മറുപടിയായി സമൂഹമാധ്യമമായ എക്സിൽ സച്ചിൻ ഇങ്ങനെ കുറിച്ചു:
താങ്കളുടെ പക്കലുള്ളത് തെറ്റായ തീയതികളും വിവരങ്ങളുമാണ്. വ്യോമസേനാ പൈലറ്റെന്ന നിലയിൽ എന്റെ അച്ഛൻ ബോംബുകൾ വർഷിച്ചിട്ടുണ്ട്.പക്ഷേ, അതു താങ്കൾ പറയുന്നതു പോലെ 1966 മാർച്ച് 5ന് മിസോറമിനു മേലായിരുന്നില്ല. മറിച്ച്, 1971ലെ ഇന്ത്യ – പാക്ക് യുദ്ധത്തിൽ അന്നത്തെ കിഴക്കൻ പാക്കിസ്ഥാനു (ബംഗ്ലദേശ്) മേലായിരുന്നു. അദ്ദേഹം വ്യോമസേനയിൽ ചേർന്നത് 1966 ഒക്ടോബർ 29നാണ്’. ഇതുമായി ബന്ധപ്പെട്ട രേഖയും സച്ചിൻ പോസ്റ്റിനൊപ്പം ചേർത്തു. രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയും പിന്നീടു കോൺഗ്രസ് മന്ത്രിമാരായി എന്നു ചൂണ്ടിക്കാട്ടി കോൺഗ്രസിനെ കടന്നാക്രമിക്കാനുള്ള മാളവ്യയുടെ ശ്രമമാണു രാജേഷ് പൈലറ്റിന്റെ മകനായ സച്ചിൻ പരാജയപ്പെടുത്തിയത്.