ന്യൂഡൽഹി: ഡൽഹിയിലെ ജവഹർ ലാൽ നെഹ്റുവിൻ്റെ പേരിലുളള മ്യൂസിയത്തിന്റെ പേര് മാറ്റി കേന്ദ്ര സർക്കാർ. നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (എൻഎംഎംഎൽ) ഇനി ‘പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി’ എന്ന് അറിയപ്പെടും. 77-ാമത് സ്വാതന്ത്ര്യ ദിനമായ ചൊവ്വാഴ്ചയാണ് സ്ഥാപനത്തിന്റെ പേര് മാറ്റിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതെന്ന് മ്യൂസിയം ചെയർപേഴ്സൺ നൃപേന്ദ്ര മിശ്ര പറഞ്ഞു.
ജൂൺ പകുതിയോടെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്നാക്കി പേര് മാറ്റാൻ തീരുമാനിച്ചത്. സൊസൈറ്റി വൈസ് പ്രസിഡന്റായ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നിരുന്നത്.
പുതിയ പേരിൽ ഔദ്യോഗിക മുദ്ര പതിപ്പിക്കുന്നതിന് ചില ഭരണപരമായ നടപടിക്രമങ്ങൾ ആവശ്യമാണ്. പേര് മാറ്റുന്നതിന് കഴിഞ്ഞ ദിവസം അന്തിമ അനുമതി ലഭിച്ചതായും വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് വൃത്തങ്ങൾ അറിയിച്ചു. പുനർനാമകരണം പ്രാബല്യത്തിൽ വരുന്നതിനുള്ള തീയതി ഓഗസ്റ്റ് 14 ആക്കാനാണ് എൻഎംഎംഎൽ അധികൃതർ നേരത്തെ തീരുമാനിച്ചിരുന്നത്.