മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തി ശേഷം ബലാത്സംഗം ചെയ്ത സംഭവത്തിൽ ഇടപെട്ട് സുപ്രീം കോടതി. സംഭവത്തെ അപലപിച്ച സുപ്രിംകോടതി, ഭരണഘടനാ പരാജയമെന്ന് കുറ്റപ്പെടുത്തി. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കാനും നടപടി എടുക്കാനും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സുപ്രിംകോടതിക്ക് നടപടി എടുക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പുനല്‍കി. കേസ് ഈ മാസം 28ന് പരിഗണിക്കും. മണിപ്പൂരില്‍ നിന്ന് പുറത്തുവന്ന വിഡിയോ ഞെട്ടിക്കുന്നതാണ്. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സര്‍ക്കാര്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട സമയമാണിത്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പ്രവൃത്തിയാണിതെന്നും ഡി വൈ ചന്ദ്രചൂഡ് കുറ്റപ്പെടുത്തി.
അതേ സമയം, കേസില്‍ മുഖ്യപ്രതി ഹെറാദാസ് (32) തൗബല്‍ എന്നയാള്‍ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. രണ്ട് മാസം പഴക്കമുള്ള വീഡിയോ ബുധനാഴ്ചയാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.