നെടുങ്കണ്ടം ബ്ലോക്കിന് കീഴില്‍ ശാരീരിക അവശത അനുഭവിക്കുന്ന അംഗപരിമിതര്‍ക്കുള്ള സഹായ ഉപകരണ വിതരണം അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. കല്ലാര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിജയകുമാരി എസ് ബാബു അധ്യക്ഷത വഹിച്ചു.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന 89 ഗുണഭോക്താക്കള്‍ക്ക് വീല്‍ചെയര്‍, കൃത്രിമക്കാല്‍, കൈ, മുച്ചക്രവാഹനം, വാക്കിങ് സ്റ്റിക്ക്, റോളേറ്റര്‍, ക്രച്ചസ്, ശ്രവണ സഹായി തുടങ്ങിയ എട്ട് ലക്ഷം രൂപയുടെ 147 സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
ശാരീരിക അവശത അനുഭവിക്കുന്ന അംഗപരിമിതര്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങള്‍ സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ എഡിഐപി പദ്ധതിയില്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ആര്‍ട്ടിഫിഷ്യല്‍ ലിംബ്സ് മാനുഫാക്ചറിംഗ് കോര്പറേഷന് ഓഫ് ഇന്ത്യ (അലിംകോ) യുടെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അലിംകോ ബാംഗ്ലൂര്‍ യൂണിറ്റ് ഹെഡും സീനിയര്‍ മാനേജറുമായ എ വി അശോക് കുമാര്‍ പദ്ധതി വിശദീകരിച്ചു.
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം ഷിഹാബ് കുട്ടിക്കല്‍, ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം ബിന്ദു സഹദേവന്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബിനോയ് വി ജെ, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം മുകേഷ് മോഹന്‍, ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ അനസ് എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നെടുങ്കണ്ടം ബ്ലോക്കില്‍ ഭിന്നശേഷി സഹായ ഉപകരണ വിതരണം സംഘടിപ്പിച്ചു

