ഹരിയാനയിൽ എം എൽ എയുടെ മുഖത്തടിച്ച് സ്ത്രീ. വെള്ളപ്പൊക്കം തീർത്ത ദുരിതത്തിൽ ക്ഷുഭിതയായാണ് എം എൽ എ യുടെ മുഖത്തടിച്ചത്. ജനനായക് ജനതാ പാര്‍ട്ടി (ജെ.ജെ.പി) എം.എല്‍.എ ഈശ്വര്‍ സിങ്ങിനാണ് മര്‍ദനമേറ്റത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.
‘എന്തിനാണ് നിങ്ങള്‍ ഇപ്പോള്‍ വന്നത്?’ എന്ന് ചോദിച്ചുകൊണ്ടാണ് സ്ത്രീ എം.എല്‍.എയുടെ മുഖത്തടിച്ചത്. വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്താന്‍ സ്ഥലത്തെത്തിയ ഈശ്വര്‍ സിങ് ആള്‍ക്കൂട്ടത്തോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് പെട്ടെന്ന് ഒരു സ്ത്രീ എം.എല്‍.എയുടെ മുഖത്തടിക്കുകയായിരുന്നു. പോലീസ് നോക്കിനില്‍ക്കെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം തന്നെ മര്‍ദിച്ച സ്ത്രീയോട് ക്ഷമിച്ചുവെന്നും അവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കില്ലെന്നും ഈശ്വര്‍ സിങ് പിന്നീട് പറഞ്ഞു. പ്രദേശത്തെ സാഹചര്യം വിലയിരുത്താന്‍ എത്തിയ തന്നെ ആളുകള്‍ ഉപദ്രവിക്കുകയായിരുന്നുവെന്നും സംഭവത്തോട് പ്രതികരിച്ച് എംഎല്‍എ പറഞ്ഞു. ഇത് പ്രകൃതി ദുരന്തമാണെന്നും കഴിഞ്ഞ കുറച്ചുദിവസമായി പ്രദേശത്ത് കനത്ത മഴയായിരുന്നുവെന്നും ആള്‍ക്കൂട്ടത്തോട് വിശദീകരിച്ചിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.
കനത്ത മഴയില്‍ ഘാഗ്ഗര്‍ നദി കരകവിഞ്ഞ് ഒഴുകിയതോടെ ഹരിയാണയിലേയും പഞ്ചാബിലേയും നിരവധി ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം അതിരൂക്ഷമാണ്.