യുഎസ് നാഷണൽ സെൻ്റർ ഫോർ എൻവിയോൺമെൻ്റൽ പ്രെഡിക്ഷനിൽ നിന്നുള്ള കണക്ക് പ്രകാരം ജൂലൈ മൂന്ന് ആഗോളതലത്തിൽ ചൂടേറിയ ദിവസമായി രേഖപ്പെടുത്തി
ശരാശരി ആഗോളതാപനിലയെ അടിസ്ഥാനമാക്കിയാണ് ചൂടേറിയ ദിവസം കണക്കാക്കുന്നത്. ലോകത്തെമ്പാടും ഉഷ്ണ തരംഗങ്ങൾ ആഞ്ഞടിച്ചതോടെ ജൂലൈ മൂന്നിന് ശരാശരി ആഗോള താപനില 17.01 ഡിഗ്രി സെൽഷ്യസിൽ എത്തി. ഇതോടെയാണ് ചൂടേറിയ ദിവസമായി ജൂലൈ മൂന്നിനെ രേഖപ്പെടുത്തിയത്. ഇതിന് മുന്നേ ഉയർന്ന താപനിലയായി രേഖപ്പെടുത്തിയത് ശരാശരി 16.92 ഡിഗ്രി സെൽഷ്യസായിരുന്നു.
ഈ ദിവസം വടക്കേ ആഫ്രിക്കയിൽ 50 ഡിഗ്രി സെൽഷ്യസിനടുത്ത് ചൂട് രേഖപ്പെടുത്തി. അന്റാർട്ടിക്കയിൽ പോലും അസാധാരണമായി താപനില ഉയർന്നു. ഇത് ആഘോഷിക്കേണ്ട നാഴികക്കല്ല് അല്ലെന്നും പരിസ്ഥിതി വ്യവസ്ഥകൾക്കും മനുഷ്യർക്കുമുള്ള വധശിക്ഷയാണെന്നും കാലാവസ്ഥ ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനവും ഉയർന്ന് വരുന്ന എൽ നിനോ പ്രതിഭാസവുമാണ് ഇങ്ങനെ ചൂട് കൂടാൻ കാരണമെന്നാണ് നിഗമനം. വരാനിരിക്കുന്ന ദിവസങ്ങളിൽ ഇനിയും ചൂട് കൂടാൻ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു