ഒമാൻ: വിദേശികളായ സർക്കാർ ജീവനക്കാർക്കും കുടുംബാംഗങ്ങള്‍ക്കും ചികിത്സ സൗജന്യമായി ലഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രി ഡോ. ഹിലാല്‍ അല്‍ സബ്തി. ഇതുമായി ബന്ധപ്പെട്ട പ്രസ്ഥാവന കഴിഞ്ഞ ദിവസം പുറത്തിറക്കി. ചികിത്സ ലഭ്യമാകുന്ന വിഭാഗങ്ങളുടെ വിവരങ്ങൾ അടങ്ങിയ ഉത്തരവ് പുറത്തുവിട്ടു.
ഒമാനി വനിതയെ വിവാഹം കഴിച്ച വിദേശി, ഇവരുടെ കുട്ടികൾ, സ്വദേശി പൗരൻമാർ, മൂന്ന് മാസത്തിൽ കൂടുതൽ ഒമാനിൽ കഴിയുന്ന ജി.സി.സി പൗരന്മാര്, സർക്കാർ ജോലിക്കാരായ വിദേശികൾ, സ്വദേശി പുരുഷൻമാരെ വിവാഹം കഴിച്ച വിദേശി വനിതകൾ, ഇവരുടെ മക്കൾ, കുടുംബങ്ങള്‍ എന്നിവർക്ക് ചികിത്സ സൗജന്യമായി ലഭിക്കും. കൂടാതെ വിദേശ നയതന്ത്ര പ്രതിനിധികള്‍, ഇവരുടെ കുടുംബാംഗങ്ങള്‍ എന്നിവർക്കും ചികിത്സ സൗജന്യമായി ലഭിക്കും എന്ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഈ വിഭാത്തിൽപ്പെട്ടവർ ചികിത്സക്കായി വരുമ്പോൾ സൗജന്യ ചികിത്സ ഉറപ്പാക്കണം. സൗജന്യ ചികിത്സക്ക് അര്‍ഹരായവരുടെ രജിസ്ട്രേഷന് നടപടികൾ നടന്നു കൊണ്ടിരിക്കുകയാണ്. സൗജന്യ ചികിത്സക്ക് അര്‍ഹതയില്ലാത്തവര്‍ക്ക് ആംബുലന്‍സ് സേവനങ്ങൾ ആവശ്യമെങ്കിൽ അതിനുള്ള നിരക്കുകളും ആരോഗ്യ മന്ത്രിയുടെ പുതിയ ഉത്തരവില്‍ പറയുന്നുണ്ട്. അതിന് അനുസരിച്ച് തന്നെയായിരിക്കും മെഡിക്കല്‍ കവറേജുകള്‍ ഇല്ലാത്തവര്‍ക്കും സേവനങ്ങൾ ലഭിക്കുക.