ന്യൂഡൽഹി: ട്വിറ്റർ പൂട്ടിക്കുമെന്ന് കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ട്വിറ്റർ സഹസ്ഥാപകനും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ (സിഇഒ) ജാക്ക് ഡോർസി. അദ്ദേഹം സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണു മറുപടി. വിദേശ രാജ്യങ്ങളിൽ ട്വിറ്റർ നടത്തിപ്പിൽ നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചോദ്യത്തിന് ഇന്ത്യയിലെ അനുഭവം അദ്ദേഹം വെളിപ്പെടുത്തിയത്.
‘‘കർഷക സമരവുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നു സമ്മർദമുണ്ടായി. ബ്ലോക്ക് ചെയ്തില്ലെങ്കിൽ ട്വിറ്റർ ഇന്ത്യ പൂട്ടിക്കുമെന്നു മോദി സർക്കാർ ഭീഷണിപ്പെടുത്തി. ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുമെന്ന് സർക്കാർ വെല്ലുവിളിച്ചു. സർക്കാരിനെ വിമർശിച്ച മാധ്യമപ്രവർത്തകരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നും സമ്മർദമുണ്ടായി’’– അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്കു പുറമേ, നൈജീരിയ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽനിന്നും സമ്മർദങ്ങളുണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ജാക്ക് ഡോർസി കള്ളം പറയുകയാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ട്വിറ്ററിലൂടെ മറുപടി നൽകി. കർഷക സമര കാലത്ത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സമൂഹത്തിൽ ഉണ്ടാകാവുന്ന തരത്തിൽ ട്വിറ്ററിലൂടെ വ്യാജ വാർത്തകൾ പ്രചരിച്ചു.
അപ്പോഴാണ് സർക്കാർ ഇടപെട്ടത്. ഇടപെടാൻ സർക്കാരിന് അവകാശവുമുണ്ട്. ഇന്ത്യയിലെ നിയമങ്ങളെ മാനിക്കണമെന്നുമാത്രമാണു ട്വിറ്ററിനോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാൽ, ട്വിറ്റർ അതിനു തയാറായില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഒരിടത്തും റെയ്ഡ് നടന്നില്ലെന്നും ആരും ജയിലിൽ പോയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.