യു എസ് ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള തന്ത്രപ്രധാന രേഖകൾ ഗോൾഫ് ക്ലബിലെ പാർട്ടിക്കിടെ അതിഥികളെ കാണിച്ചെന്ന് മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഗുരുതരമായ ആരോപണം. പേര് വെളിപ്പെടുത്താത്ത രാജ്യത്തിനെതിരെയുള്ള ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ പാർട്ടിയിലുണ്ടായിരുന്ന രണ്ടു സ്റ്റാഫുകൾക്കും ഒരു പ്രസാധകനും കാണിച്ചെന്നാണ് ആരോപണം. ഇവർക്ക് യാതൊരുവിധത്തിലുള്ള സെക്യൂരിറ്റി ക്ലിയറൻസും ഉണ്ടായിരുന്നില്ല. ന്യൂജഴ്സിയിലെ ബെഡ്മിസ്റ്റർ ഗോൾഫ് ക്ലബിലായിരുന്നു ട്രംപിന്റെ പാർട്ടി.
പ്രതിരോധ വകുപ്പും ഒരു സൈനിക ഉദ്യോഗസ്ഥനും ആക്രമണ നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നതായി പറഞ്ഞ ട്രംപ് അതിന്റെ രഹസ്യ രേഖകളും അതിഥികളെ കാണിച്ചു. ഇത് രഹസ്യസ്വഭാവമുള്ള രേഖകളാണെന്ന് പാർട്ടിക്കിടെ ട്രംപ് വ്യക്തമാക്കുകയും ചെയ്തു. ട്രംപിന്റെ പക്കലുള്ള രഹസ്യ രേഖകളിൽ അമേരിക്കയുടെയും വിദേശരാജ്യങ്ങളുടെുയും പ്രതിരോധ ആയുധശേഷി സംബന്ധിച്ച വിവരങ്ങളും ഉൾപ്പെട്ടിരുന്നു. യുഎസിന്റെ ആണവപദ്ധതികളെ കുറിച്ചും വ്യക്തമാക്കിയിരുന്നു. യുഎസിന്റെയും സഖ്യകക്ഷികളുടെയും സൈനിക ആക്രമണത്തിനുള്ള സാധ്യത, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച രഹസ്യസ്വഭാവമുള്ള രേഖകളും ഇതിൽ ഉൾപ്പെടുന്നു