ഒഡിഷയിൽ ട്രെയിനിന് തീപിടിച്ചു. ദുര്‍ഗ് – പുരി എക്‌സ്പ്രസിന്റെ എ.സി കോച്ചിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തിൽ യാത്രക്കാർ പരിഭ്രാന്തരായി. ഒഡിഷയിലെ നുവാപാഡ ജില്ലയില്‍വച്ചാണ് തീപ്പിടിത്തമുണ്ടായത്. ആളപായമില്ലെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വെ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാത്രി തീവണ്ടി ഖാരിയർ റോഡ് സ്റ്റേഷനിൽ എത്തിയപ്പോളാണ് തീവണ്ടിയുടെ ബി 3 കോച്ചില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് റെയില്‍വെ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബ്രേക്ക് പാഡ് ഉരസിയാണ് തീപ്പിടിച്ചത്.
ഒരു മണിക്കൂറില്‍ താഴെ സമയംകൊണ്ട് തീ കെടുത്തുകയും തീവണ്ടിയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുകയും ചെയ്തു. രാത്രി 11 ഓടെ തീവണ്ടി യാത്രപുനരാരംഭിച്ചുവെന്നും റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു. തീവണ്ടി നിര്‍ത്തിയ ഉടന്‍ പരിഭ്രാന്തരായ യാത്രക്കാര്‍ ഓടി പുറത്തേക്ക് ഇറങ്ങിയിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ഒഡിഷയിലെ ബാലസോര്‍ ജില്ലയില്‍ ചരക്ക് തീവണ്ടിയടക്കം മൂന്ന് തീവണ്ടികള്‍ അപകടത്തില്‍പ്പെട്ട് 288 പേര്‍ മരിക്കാനിടയായ ദുരന്തമുണ്ടായതിന് പിന്നാലെയാണ് ഒഡീഷയില്‍വച്ചുതന്നെ തീവണ്ടിയില്‍നിന്ന് തീയും പുകയും ഉയര്‍ന്നത്. ബെംഗളൂരു – ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാര്‍ – ചെന്നൈ സെന്‍ട്രല്‍ കൊറോമാണ്ഡല്‍ എക്‌സ്പ്രസ്, ചരക്ക് തീവണ്ടി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. 1100- ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.