കർണാടക ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെക്കുറിച്ച് പ്രതികരണവുമായി ഡി കെ ശിവകുമാർ. ഹൈക്കമാൻഡ് തീരുമാനം കോടതി ഉത്തരവ് പോലെ സ്വീകരിക്കുന്നതായി ഡി.കെ ശിവകുമാർ പറഞ്ഞു.
‘‘ഞങ്ങൾ തീരുമാനം ഹൈക്കമാൻഡിന് വിട്ടിരുന്നു. അവർ തീരുമാനിച്ചു. നമ്മളില്‍ പലരും കോടതിയില്‍ വാദിക്കും. അന്തിമമായി ജഡ്ജി പറയുന്ന വിധി അംഗീകരിക്കും. പാർട്ടിയുടെ താത്പര്യമാണ് വ്യക്തി താത്പര്യത്തെക്കാൾ വലുത്. അതു കൊണ്ട് ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ചു. ഞങ്ങൾ ജയിച്ചില്ലെങ്കിൽ സ്ഥിതി എന്താകുമായിരുന്നു. ഇപ്പോൾ ഞങ്ങൾ ജയിച്ചു. വിജയത്തിന്‍റെ ഫലം എനിക്ക് മാത്രം ഉള്ളതല്ല. അത് ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർക്ക് കൂടി അവകാശപ്പെട്ടതാണ്. അവരുടെ പക്ഷത്തുനിന്ന് കൂടി നമ്മൾ ചിന്തിക്കണം.’’– ഡി.കെ ശിവകുമാർ പറഞ്ഞു
കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ഡി.കെ ശിവകുമാറും ശ്രമിച്ചിരുന്നു. കൂടുതൽ എംഎൽഎമാരുടെ പിന്തുണയുള്ളതിനാൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുക്കുകയായിരുന്നു.
സിദ്ധരാമയ്യയെ മുഖ്യമന്ത്രി ആയി പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ ഡി കെ ശിവകുമാർ ഏക ഉപ മുഖ്യമന്ത്രി ആയിരിക്കുമെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ശിവകുമാർ പിസിസി അധ്യക്ഷനായി തുടരുമെന്നും എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചിരുന്നു.