കർണാടക നാളെ പോളിംഗ് ബൂത്തിലേക്ക്. പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചതോട് കൂടി നേതാക്കൾ ഓൺ ലൈൻ പ്ലാറ് ഫോമിലെത്തി ജനസമ്പർക്ക പരിപാടികൾ തുടരുകയാണ്. സംസ്ഥാനത്തെ വോട്ടർമാർക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ സന്ദേശം നൽകി.
ബംഗളുരൂവിലെ പ്രധാന മന്ത്രിയുടെ റോഡ് ഷോ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പൊതു ബസിലെയും, ഡെലിവറി ബൈക്കിലെയും യാത്ര ചെയ്തുള്ള ഹൈ വോൾടേജ് പ്രചാരണങ്ങൾ കണ്ടതിന് ശേഷമാണ് കർണാടകയിൽ നാളെ വലിയ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നത്.
നാളെ സ്വതന്ത്രർ ഉൾപ്പെടെ എല്ലാ പാർട്ടികളിൽ നിന്നുമായി 2,615 സ്ഥാനാർത്ഥികളാണ് കർണാടകയിൽ ജനവിധി തേടുന്നത് . ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന 224 മണ്ഡലങ്ങളിൽ പോളിംഗ് സ്റ്റേഷനുകൾ തയാറാകുന്ന തിരക്കിലാണ് തെരെഞ്ഞടുപ്പ് കമീഷൻ. അതേ സമയം, അവസാന നിമിഷത്തെ വിവാദങ്ങളെ തുടർന്ന് നിർണായകമായ തെരഞ്ഞെടുപ്പിൻ മുന്നോടിയായി ബിജെപിക്കും കോൺഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷൻറെ നോട്ടീസ് ലഭിച്ചിരുന്നു.