ആനിഹാൾ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിന്റെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ദുരൂഹത ആരോപിച്ച് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. അപകട സ്ഥലം സന്ദർശിച്ച ശേഷമായിരുന്നു മേയറുടെ ആരോപണം.
എന്നാൽ മേയറുടെ ആരോപണം ടെക്സ്റ്റൈൽസ് ജീവനക്കാർ തള്ളി. കട അടക്കാൻ നേരത്ത് കടക്കകത്ത് ആരും ഉണ്ടായിരുന്നില്ലെന്നും മേയറുടെ ആരോപണത്തിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും ടെക്സ്റ്റൈൽസ് മാനേജർ ജയകൃഷ്ണൻ പറഞ്ഞു.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്.കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന കാറിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് കെട്ടിടത്തിന്റെ രണ്ടാം നിലയിലും പുക കണ്ടു. പെട്ടെന്ന് തന്നെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
കോഴിക്കോട് ജില്ലയിൽ നിന്നും മലപ്പുറത്ത് നിന്നും എത്തിയ അഗ്നി രക്ഷാസേനയുടെ 20 ഓളം യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്. ഷോർട്ട് സെർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിനിടെയാണ് മേയറുടെ ആരോപണം.
നാല് ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് ലഭ്യമാക്കുമെന്ന് ജില്ലാ ഫയർ ഓഫീസർ അഷറഫലി അറിയിച്ചു. തീപിടുത്തത്തെ സംബന്ധിച്ച് ജില്ലാ കളക്ടറും റിപ്പോർട്ട് തേടിയിട്ടുണ്ട്.