കണ്ണൂര്‍ എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി. ദിവ്യയെ എന്തുവിലകൊടുത്തും സംരക്ഷിക്കുക എന്ന നിലപാടാണ് സിപിഎം എടുത്തിട്ടുള്ളതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ദിവ്യക്കെതിരെ പാര്‍ട്ടി നടപടികളൊന്നും എടുക്കാത്തത് ഇതിന്റെ തെളിവാണ്.നീതിപൂര്‍ണമായ അന്വേഷണം നടക്കുമെന്ന് വിശ്വാസം ഇല്ലാത്തതിനാലാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും കെ. സുധാകരന്‍ പറഞ്ഞു.
എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചാല്‍ ചെയ്യുന്നതാണ് സിപിഎമ്മിന്റെ ശൈലി. ദിവ്യയെ സംരക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചുകഴിഞ്ഞതാണ്. എന്തുവിലകൊടുത്തും അവര്‍ അത് ചെയ്യും. ഇത്രയൊക്കെ സംഭവിച്ചിട്ടും ദിവ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയോ? ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടും ദിവ്യയെ സസ്പെന്‍ഡ് ചെയ്തോ? ദിവ്യയെ സംരക്ഷിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തിന്റെ തെളിവാണിത്, കെ. സുധാകരന്‍ പറഞ്ഞു.
സംഭവത്തില്‍ നീതിപൂര്‍ണമായ അന്വേഷണം നടക്കുമെന്നും അന്വേഷണത്തിന്റെ ഫലമായി ദിവ്യ ശിക്ഷിക്കപ്പെടുമെന്നും വിശ്വാസമില്ല. ഈ കേസ് കേരളത്തിലെ പോലീസ് അന്വേഷിച്ചിട്ട് കാര്യമുണ്ടാകും എന്നും തോന്നുന്നില്ല.ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബവും കോടതിയെ സമീപിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇടതുസര്‍ക്കാര്‍ കണ്ണൂര്‍ കളക്ടറെയും സ്വാധീനിച്ചിട്ടുണ്ടാവാം. കളക്ടര്‍ എഡിഎം പറഞ്ഞുയെന്ന രീതില്‍ പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് അതാണ് തോന്നുന്നത്. ജില്ലാ കളക്ടറുടെ മൊഴില്‍ എവിടയോ എന്തോ സംഭവിച്ചിട്ടുണ്ട്. അതാണ് അദ്ദേഹത്തിന്റെ മൊഴിയിലെ വൈരുദ്ധ്യം സൂചിപ്പിക്കുന്നത്.ദിവ്യയ്‌ക്കെതിരായ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കാര്യങ്ങളില്‍ തിരുത്തല്‍ നടത്തുന്നതിന് പിപി ശശി ഇടപെടുമെന്നും അതിനാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.
പെട്രോള്‍ പമ്പിന് ലൈസന്‍സ് ഏര്‍പ്പെടുത്തി നല്‍കുന്നതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ കമ്മീഷന്‍ കൈപ്പറ്റുന്നുണ്ട്. അതുപോലൊരു വിഹിതം കിട്ടാതെ പോയതാകും പിപി ദിവ്യയെ പ്രകോപിപ്പിച്ച ഘടകമെന്ന് സംശയിക്കുന്നതായും കെ.സുധാകരന്‍ പറഞ്ഞു.
പാലക്കാട് പ്രചാരണത്തിന് കെ. മുരളീധരന്‍ എത്തും. വിവാദങ്ങള്‍ മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണ്. ഡിസിസിയുടെതായി പുറത്തുവന്ന കത്തില്‍ കാര്യമാക്കേണ്ട കാര്യങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.കത്തുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ വിവാദങ്ങളൊന്നുമില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.