ബലാത്സംഗ കേസുകളിലെ അതിജീവിതകളിൽ രണ്ട് വിരൽ പരിശോധന നടത്തരുതെന്ന് സുപ്രിം കോടതിയുടെ സുപ്രധാന പരാമർശം. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പരിശോധനയാണിത്. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയുമാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.മെഡിക്കൽ കോളേജുകളിലെ പാഠ്യപദ്ധതിയില്‍നിന്ന് രണ്ട് വിരൽ പരിശോധന സംബന്ധിച്ച ഭാഗം നീക്കാൻ സുപ്രീം കോടതി നിർദേശിച്ചു.സ്ത്രീകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരലുകൾ കയറ്റി മസിലുകളുടെ ബലം നോക്കി കന്യകാത്വം പരിശോധിക്കുന്നതാണ് ഈ രീതി.ശാസ്ത്രീയ അടിത്തറയില്ലാത്ത ഈ പരിശോധന നിർബാധം തുടർന്നു വരികയാണെന്നും കോടതി വിലയിരുത്തി.അശാസ്ത്രീയമായ ഈ പരിശോധന ഇപ്പോഴും നടക്കുന്നത് ദുഃഖകരമാണെന്ന് ജസ്റ്റിസ്മാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഈ പരിശോധന അശാസ്ത്രീയമാണെന്ന് ഇതിന് മുമ്പും കോടതി വിധിച്ചിട്ടുണ്ടെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. അതിജീവിതയുടെ ലൈംഗീക പശ്ചാത്തലം ബലാത്സംഗം കേസിൽ പ്രസക്തമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.