കുറ്റിക്കാട്ടൂരിൽ 15 കാരിയെ പീഡിപ്പിച്ച യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയ സംഘം അറസ്റ്റിൽ.മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇയാൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു. വീട്ടിൽ കയറി മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ ബന്ധുക്കളടക്കം നാല് പേർ ചേർന്നാണ് യുവാവിനെ മർദ്ദിച്ചത്. ഇവർ യുവാവിനെ ഒരു കുന്നിന് മുകളിലായിരുന്നു തടവിൽ വെച്ചത്. ഈ കുന്ന് വളഞ്ഞ് പൊലീസ് സംഘം യുവാവിനെ മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോയതിനും മർദ്ദിച്ചതിനും പൊലീസ് കേസെടുത്തു.ഇന്നലെ രാത്രിയോടെയാണ് സംഭവം. കുറ്റിക്കാട്ടൂരിനടുത്തുള്ള വീട്ടിൽ നിന്നാണ് യുവാവിനെ ആറംഗ സംഘം രാത്രി 10മണിയോടെ തട്ടിക്കൊണ്ടുപോയത്. വീട്ടിലെത്തിയ സംഘം യുവാവിനെ വലിച്ചിറക്കി വാഹനത്തിൽ കയറ്റുകയായിരുന്നു. തുടർന്ന് കുന്ദമംഗലം ഭാഗത്തേക്കു പോയി. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും യുവാവിന്റെ വീട്ടുകാരും മെഡിക്കൽ കോളജ് പൊലീസിൽ വിവരം നൽകി.സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിലാണ് പ്രതികൾ യുവാവുമായി ആരാമ്പ്രത്തിനടുത്ത് ചക്കാലക്കൽ സ്കൂളിനു മുകളിലുള്ള കുന്നിലേക്ക് എത്തിച്ചതായി വിവരം ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തി കുന്നിൻപ്രദേശം വളഞ്ഞ് സംഘത്തെയും യുവാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇയാൾക്കെതിരെ പെൺകുട്ടി മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.