കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിൻ്റെ അഭിമാന പദ്ധതിയായ കോഴിക്കോട്-വയനാട് തുരങ്ക പാതയുടെ നിർമാണോദ്‌ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് (ഓഗസ്‌റ്റ് 31) വൈകിട്ട് നാല് മണിക്ക് ആനക്കാംപൊയിൽ സെൻ്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്.
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, ധനമന്ത്രി കെ എൻ ബാലഗോപാൽ, പട്ടികസമുദായ ക്ഷേമവകുപ്പ് മന്ത്രി ഒ ആർ കേളു, വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, എംഎൽഎ മാരായ ടി സിദ്ദിഖ്, ലിൻ്റോ ജോസഫ്, പിടിഎ റഹീം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും നീളത്തിലുള്ള കേരളത്തിലെ ഏറ്റവും വലിയ തുരങ്കപാത നാല് വർഷം കൊണ്ട് പൂർത്തിയാക്കാനാണ് പദ്ധതി. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ഒരു ബദൽ മാർഗം കണ്ടെത്തുക എന്നതാണ് ഈ തുരങ്കപാതയുടെ പ്രധാന ലക്ഷ്യം.

