ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലിദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ചൊവ്വാഴ്ച ശ്രീലങ്കയിലായിരുന്നു അന്ത്യം. ഏറെക്കാലമായി ശ്രീലങ്കയിലായിരുന്നു താമസം. മാലിദ്വീപ് വിദേശകാര്യ മന്ത്രി ഫൗസിയയുടെ മരണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
ചാരക്കേസുമായി ബന്ധപ്പെട്ട് 1994 നവംബര്‍ മുതല്‍ 1997 ഡിസംബര്‍ വരെ ജയില്‍വാസം അനുഭവിച്ചു. കേസില്‍ രണ്ടാം പ്രതി ഫൗസിയ ഹസനായിരുന്നു. ചലച്ചിത്രനടിയും മാലദ്വീപ് നാഷണല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ ഓഫിസറായിരുന്നു. മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നീ പേരുകളാണ് ചാരക്കേസുമായി ബന്ധപ്പെട്ട് ഏറെ കോളിളക്കം സൃഷ്ടിച്ചത്.
ഐ.എസ്.ആര്‍.ഒയുടെ രഹസ്യങ്ങള്‍ ശാസ്ത്രജ്ഞരായ ഡോ. നമ്പി നാരായണനും ഡോ. ശശികുമാറും മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവര്‍ വഴി വിദേശികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു കേസ്. സി.ബി.ഐ അന്വേഷണത്തിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്.