മംഗളൂരു സൂറത്ത്കല്ലിലെ ഫാസിലിന്‍റെ കൊലപാതകത്തിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ.മംഗളൂരു സ്വദേശി അജിത്ത് ഡിസൂസയാണ് അറസ്റ്റിലായത്. കൊലപാതകസംഘമെത്തിയ വാഹനം ഓടിച്ച ആള്‍ ഇയാളെന്നും പൊലീസ് പറഞ്ഞു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നാല് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ തുടരുകയാണ്. സൂറത്ത്കല്ലില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെനിന്നാണ് അജിത്ത് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി സൂറത്കല്ലിലെ ഒരു ടെക്‌സ്‌റ്റൈല്‍ ഷോപ്പിന് പുറത്ത് നില്‍ക്കുകയായിരുന്ന ഫാസിലിനെ നാല് പേരടങ്ങുന്ന അക്രമി സംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിന്റെ പിന്നാലെ എത്തിയ സംഘം പിന്തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും കുത്തുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി.കേസിൽ നേരത്തെ ഇരുപതിലേറെ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
മംഗളൂരു സൂറത്ത്കല്ലിലെ ഫാസിലിന്റെ കൊലപാതകം;കൊലയാളി സംഘമെത്തിയ കാറിന്റെ ഡ്രൈവർ അറസ്റ്റിൽ

