തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയായി ശ്രീലേഖ ചുമതലയേറ്റു. അഗ്നിശമനാ സേന മേധാവിയായാണ് ചുമതലയേറ്റത്. ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലായ എ. ഹേമചന്ദ്രൻ വിരമിക്കുന്ന ഒഴിവിലാണ് ശ്രീലേഖ ഐ പി എസിന്റെ നിയമനം .
സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയുമാണ് ആർ ശ്രീലേഖ. അഗ്നിശമന സേന ആസ്ഥാനത്തെത്തിയ ഉദ്യോഗസ്ഥയെ വിരമിച്ച മുൻ ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലായ എ. ഹേമചന്ദ്രൻ സ്വീകരിച്ചു.
കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന പ്രകൃതി ദുരന്തങ്ങൾ ഇത്തവണയും ഉണ്ടായേക്കാമെന്ന സൂചനയെ തുടർന്ന് എല്ലാ മുന്നൊരുക്കങ്ങളും തയ്യാറെടുക്കാനായിരിക്കും ഡി ജി പി യുടെ ആദ്യ പരിഗണന.
1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. ചേർത്തല, തൃശൂർ എന്നിവിടങ്ങളിൽ എ.എസ്. പി.യായും തൃശൂർ, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്.പി.യായും സേവനമനുഷ്ഠിച്ചു. പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി.യായും ജോലി ചെയ്തിട്ടുണ്ട്. നാലുവർഷത്തോളം സി.ബി.ഐ. കൊച്ചി യൂണിറ്റിൽ ജോലി ചെയ്തിരുന്നു. എറണാകുളം റെയിഞ്ച് ഡി.ഐ.ജി.യായിരുന്നതിനുശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും ജോലി ചെയ്തു.