
സിപിഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് വിവിധ മേഖലകളിൽ സംഘടിപ്പിക്കുന്നത് 96 സെമിനാറുകൾ. വിവിധ വിഷയങ്ങളിലായി സംഘടിപ്പിക്കുന്ന സെമിനാറുകളിൽ ആദ്യത്തേത് ഫെബ്രുവരി മൂന്നിന് നടക്കും. കേന്ദ്ര – സംസ്ഥാനബന്ധങ്ങൾ എന്ന വിഷയത്തിലെ സെമിനാർ സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രഫ. പ്രഭാത് പട്‌നായിക് ഉദ്ഘാടനം ചെയ്യുമെന്നു സമ്മേളന സ്വാഗതസംഘം ജനറൽ കൺവീനർ എസ്.സുദേവൻ, സെമിനാർ കമ്മിറ്റി ചെയർപേഴ്‌സൺ ജെ.മേഴ്സിക്കുട്ടിയമ്മ, കൺവീനർ എസ്.ജയമോഹൻ എന്നിവർ അറിയിച്ചു. സെമിനാറിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ, ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എന്നിവർ പങ്കെടുക്കും. ഡോ.കെ.എൻ.ഹരിലാൽ മോഡറേറ്ററാകും.മാർച്ച് 6 മുതൽ 9 വരെയാണ് 24 -ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി സി പി ഐ എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്.സാർവ്വദേശീയവും, ദേശീയവും പ്രാദേശികവുമായ വൈവിധ്യം നിറഞ്ഞ വിഷയങ്ങളിൽ നടക്കുന്ന സെമിനാറുകളിൽ രാജ്യാന്തര പ്രശസ്‌തരായ സാങ്കേതിക, വൈജ്ഞാനിക വിദഗ്ധരും, നിയമപണ്ഡിതരും, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ വിശിഷ്ട വ്യക്തി കളും പങ്കെടുക്കും.