തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് നടന്ന ആര്‍ആര്‍ആര്‍’ കേരള പ്രീ-ലോഞ്ച് ചടങ്ങിൽ കൈയടി നേടി മിന്നല്‍ മുരളിയും ടൊവീനോ തോമസും.
സംവിധായകന്‍ എസ് എസ് രാജമൗലിയും ആര്‍ആര്‍ആറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാം ചരണും ജൂനിയര്‍ എന്‍ടിആറും ഹൃദ്യമായാണ് മുഖ്യാതിഥിയായ ടോവിനോയോട് പരിപാടിയില്‍ പങ്കെടുത്തതിനുള്ള നന്ദി അറിയിച്ചത്.
എപ്പോഴാണ് നമുക്ക് സ്വന്തമായി ഒരു സൂപ്പര്‍ഹീറോ ഉണ്ടാവുകയെന്ന് പലരും അന്വേഷിക്കാറുണ്ടായിരുന്നെന്നും ഇപ്പോള്‍ ടൊവീനോയില്‍ നിന്നും അത് സംഭവിച്ചിരിക്കുന്നു രാജമൗലി പറഞ്ഞു.
“താങ്ക് യൂ സൂപ്പര്‍ഹീറോ മിന്നല്‍ മുരളി. ഗംഭീരം. അഭിനന്ദനങ്ങള്‍. ഇവിടെ വന്നതിനും നന്ദി ടൊവീനോ”, രാജമൗലി പറഞ്ഞു. ധീര, ഈച്ച, ബാഹുബലി 1, 2 തുടങ്ങി കഴിഞ്ഞ 10 വര്‍ഷങ്ങളായുള്ള തന്‍റെ ചിത്രങ്ങള്‍ക്കൊക്കെയും കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നതെന്നും ആര്‍ആര്‍ആറിനും മലയാളികളുടെ സ്നേഹം ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും രാജമൗലി തുടർന്ന് പറഞ്ഞു.
‘ടൊവി സാര്‍’ എന്നു വിളിച്ചാണ് വേദിയില്‍ രാം ചരണ്‍ ടൊവീനോയ്ക്ക് നന്ദി അറിയിച്ചത്. തന്‍റെ ആദ്യ വിജയചിത്രമായ, രാജമൗലിയുടെ സംവിധാനത്തിലെത്തിയ സിംഹാദ്രി തിരുവനന്തപുരത്താണ് ചിത്രീകരിച്ചത് എന്നു പറഞ്ഞാണ് ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങിയത്.
“എത്ര ഗംഭീര നടനാണ് ടൊവീനോ. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍, ഫഹദ്, തുടങ്ങി ഗംഭീര നടന്മാരെ സൃഷ്‍ടിച്ച നാടാണ് കേരളം. മിന്നല്‍ മുരളിയുടെ വിജയത്തിന് അഭിനന്ദനങ്ങള്‍”, ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞു.
“ആര്‍ആര്‍ആറിന്‍റെ ടീസറും ട്രെയ്‍ലറുമൊക്കെ വന്നതു മുതല്‍ സിനിമയ്ക്കുവേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. മറ്റിടങ്ങളിലേതുപോലെ കേരളത്തിലും വലിയ ഹിറ്റ് ആയിരുന്നു ബാഹുബലി. ആര്‍ആര്‍ആര്‍ അതിലും വലിയ വിജയമാവട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു. ജനുവരി 7ന് ചിത്രം തിയറ്ററില്‍ ഇറങ്ങുമ്പോള്‍ ആദ്യദിവസം പോയി കാണുന്നവരില്‍ ഒരാള്‍ ഞാനായിരിക്കും”, ടൊവീനോ പറഞ്ഞു.